Advertisement

കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്‌; ബാസ്‌കോ എഫ്‌സിയെ 3-2ന്‌ തോൽപ്പിച്ചു

September 18, 2022
Google News 2 minutes Read
Blasters defeated Basco FC

കേരള വനിതാ ഫുട്‌ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ്‌ എഫ്‌സി കുതിക്കുന്നു. കരുത്തരായ ബാസ്‌കോ എഫ്‌സിയെ 3‐2ന്‌ തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ്‌ പെൺപടയുടെ മുന്നേറ്റം. ഇതോടെ ഏഴ്‌ കളിയിൽ ആറ്‌ ജയമായി ബ്ലാസ്‌റ്റേഴ്‌സിന്‌. ആര്യശ്രീയും മാളവികയും മുസ്‌കാനും ഗോൾ നേടി ( Blasters defeated Basco FC ).

കെ നിസാറിയായിരുന്നു ബ്ലാസ്റ്റേഴ്‌സ്‌ ഗോൾ കീപ്പർ. ആര്യശ്രീ, സി സിവിഷ, മുസ്‌കാൻ സുബ്ബ, പി.മാളവിക, സുനിത മുണ്ട, ടി.ജി.ഗാഥ, നിധിയ ശ്രീധരൻ, നിലിമ ഖാക, എം.അഞ്‌ജിത, പി.അശ്വതി എന്നിവരും അണിനിരന്നു. ബാസ്‌കോയുടെ ഗോൾ കീപ്പർ ബൻറിഷ വഹ്‌ലാങ്‌. ഡി.സത്യ, വി.ഭാഗ്യശ്രീ, എ.ടി.കൃഷ്‌ണപ്രിയ, എ.ജി.ശ്രീലക്ഷ്‌മി, ടി.സൗപർണിക, ലൂസി ക്വെക്വെ ജിറ, പി.അനഘ, എസ്‌.അമൃത, സി.കെ.ദിവ്യകൃഷ്‌ണൻ, ബദരിഷ എന്നിവരും കളത്തിലെത്തി.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

കളിയുടെ തുടക്കത്തിൽതന്നെ സുനിതയുടെ ഗോൾശ്രമം ബാസ്‌കോ ഗോൾ കീപ്പർ ബൻറിഷ തടഞ്ഞു. തുടർന്ന്‌ ബാസ്‌കോ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ്‌ പ്രതിരോധം വിട്ടുകൊടുത്തില്ല. പതിനെട്ടാം മിനിറ്റിൽ മാളവികയുടെ ബാസ്‌കോ ഗോൾമുഖത്തേക്കുള്ള മിന്നുന്ന ക്രോസിൽ കാൽവയ്‌ക്കാൻ സുനിതയ്‌ക്ക്‌ കഴിഞ്ഞില്ല. പിന്നാലെ മാളവികയുടെ മറ്റൊരു മികച്ച നീക്കം കണ്ടു. ഇക്കുറി കരുത്തുറ്റ ഷോട്ട്‌ ഗോൾ കീപ്പർ തടുത്തിട്ടു. തെറിച്ചുവീണ പന്ത്‌ നിധിയ വലയിലാക്കിയെങ്കിലും റഫറി ഫൗൾ വിളിച്ചു. 23‐ാം മിനിറ്റിൽ സുനിതയുടെ ഷോട്ട്‌ നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. തൊട്ടടുത്ത നിമിഷം ബ്ലാസ്റ്റേഴ്സ് വല തകർത്തു. ആര്യശ്രീയുടെ ഒന്നാന്തരം ലോങ്‌ റേഞ്ചർ ബാസ്‌കോ ഗോൾ കീപ്പറെ മറികടന്ന്‌ വലയിൽ കയറി. അരമണിക്കൂർ തികയുംമുമ്പ്‌ ബാസ്‌കോ തിരിച്ചടിച്ചു. ലൂസിയുടെ മനോഹര ഗോൾ. മധ്യവരയ്‌ക്ക്‌ മുന്നിൽനിന്ന്‌ തൊടുത്ത പന്ത്‌ നിസാറിയെയും കടന്ന്‌ വലയിലെത്തി. ലൂസിയിലൂടെ വീണ്ടും ബാസ്‌കോ ബ്ലാസ്റ്റേഴ്‌സ്‌ ഗോൾമുഖത്തേക്ക്‌ ആക്രമണം നടത്തി. ഒരു തവണ ലൂസിയുടെ ഷോട്ട്‌ നിസാറി കൈയിലൊതുക്കി. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ ആര്യശ്രീയായിരുന്നു. ഇരു ടീമുകളും ലീഡിനായി ആഞ്ഞുശ്രമിച്ചെങ്കിലും ആദ്യപകുതി 1‐1ന്‌ അവസാനിച്ചു.

രണ്ടാംപകുതിയിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പംനിന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ലോങ്‌ റേഞ്ച്‌ ഷോട്ടുകളൊന്നും ലക്ഷ്യത്തിലെത്തിയില്ല. 62‐ാം മിനിറ്റിൽ മാളവികയുടെ മികച്ച നീക്കം ബാസ്‌കോ ഗോൾമുഖത്തേക്ക്‌. സുനിത പാസ്‌ സ്വീകരിച്ച്‌ അടി തൊടുക്കാനാഞ്ഞെങ്കിലും ഗോൾ കീപ്പർ പന്ത്‌ പിടിച്ചെടുത്തു. 67‐ാംമിനിറ്റിൽ മാളവിക വലതുപാർശ്വത്തിലൂടെ കുതിച്ചെത്തി ഷോട്ട്‌ പായിച്ചു. പക്ഷേ, പന്ത്‌ വല തൊട്ടില്ല. പിന്നാലെ സുനിതയുടെ ശ്രമം ഗോൾ കീപ്പർ തടഞ്ഞു. ബ്ലാസ്റ്റേഴ്‌സ്‌ നിരന്തരം ബാസ്‌കോ ഗോൾമേഖലയിൽ ആക്രമണം നടത്തി. മറുവശത്ത്‌ ലൂസി ബ്ലാസ്റ്റേഴ്‌സ്‌ ഗോൾ കീപ്പർ നസാറിയെ പരീക്ഷിച്ചു.

73‐ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ്‌ കാത്തിരുന്ന നിമിഷമെത്തി. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ മാളവിക ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. വലതുവശത്തിലൂടെ മുന്നേറിയ മാളവിക ബോക്‌സിൽ രണ്ട്‌ പ്രതിരോധ താരങ്ങൾക്കിടയിലൂടെയാണ്‌ ഷോട്ട്‌ തൊടുത്തത്‌. ആദ്യപകുതിയിലെന്ന പോലെ ഇക്കുറിയും ഗോൾ വീണ്‌ നിമിഷങ്ങൾക്കുള്ളിൽ ബാസ്‌കോ തിരിച്ചടിച്ചു. ലൂസി രണ്ടാം ഗോളിലൂടെ അവർക്ക്‌ സമനിലയൊരുക്കി. ഒറ്റയ്‌ക്ക്‌ മുന്നേറിയ ലൂസി പ്രതിരോധത്തെ മറികടന്ന്‌, നിലംപറ്റി അടിപായിച്ചപ്പോൾ നിസാറിക്ക്‌ തടയാനായില്ല.

എന്നാൽ ബ്ലാസ്റ്റേഴ്‌സ്‌ വിട്ടുകൊടുത്തില്ല. 80‐ാം മിനിറ്റിൽ മുസ്‌കാന്റെ അതിമനോഹര ഗോളിൽ ബ്ലാസ്റ്റേഴ്‌സ്‌ ലീഡ്‌ തിരിച്ചുപിടിച്ചു. ഒന്നാന്തരം ഷോട്ട്‌ ബാസ്‌കോ ഗോൾ കീപ്പർക്ക്‌ എത്തിപ്പിടിക്കാനായില്ല. ആ ഗോളിൽ ബ്ലാസ്റ്റേഴ്‌സ്‌ വനിതകൾ പിടിച്ചുനിന്നു. അർഹിച്ച ജയവും സ്വന്തമാക്കി. ഒക്‌ടോബർ രണ്ടിന്‌ ലൂക്കാ എസ്‌സിയുമായിട്ടാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Story Highlights: Blasters defeated Basco FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here