ഓയൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കൊല്ലം ജില്ലയിലെ ഓയൂർ കരിങ്ങന്നൂരിലാണ് സംഭവം. കാറ് പൂർണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താന്നിമൂട് പൂങ്ങോട് വിജയ വിലാസത്തിൽ വിജയകുമാറിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
Read Also: കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു
വീട്ടിൽ നിന്ന് അമ്പലംകുന്നിലെ മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. വിജയകുമാറിന്റെ ഭാര്യ ശകുന്തളയും മകൻ കണ്ണൻ നായരും കാറിൽ കുറച്ചു ദൂരം സഞ്ചരിക്കവേ എഞ്ചിന്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടു. തുടർന്ന് കാർ നിറുത്തി ബോണറ്റ് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബോണറ്റ് അടച്ച ശേഷം വീണ്ടും ഇരുവരും കാറിൽ കയറി യാത്ര തുടരാൻ ഒരുങ്ങവേ വലിയ പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവർ നോക്കി നിൽക്കേ കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര, നാവായിക്കുളം എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.
Story Highlights: car caught fire and destroyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here