‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

ഓണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. എന്നാൽ കേരള സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യം മാത്രമല്ല കൊണ്ടുവരികയെന്ന് പറയുകയാണ് കഴിഞ്ഞ തവണ ഭാഗ്യം തുണച്ച ജയപാലൻ ട്വന്റിഫോറിനോട്. ഇത്തവണ രണ്ട് ലോട്ടറിയാണ് ജയപാലൻ എടുത്തിരിക്കുന്നത്. ( onam bumper 2021 winner jayapalan about his experience )
കഴിഞ്ഞ തവണ 12 കോടിയാണ് ജയപാലന് ലഭിച്ചത്. ‘ലോട്ടറി അടിച്ച് കഴിഞ്ഞാൽ അടുത്ത രണ്ട് കൊല്ലത്തേക്ക് ആർക്കും പത്ത് പൈസ കൊടുക്കരുത്. നമ്മുടെ ജീവിത സഹാചര്യമൊക്കെ ഉണ്ടാക്കി അതിൽ നിന്ന് വരുമാനം ലഭിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് സഹായം ചെയ്യാവൂ’- ജയപാലൻ പറയുന്നു.
12 കോടി ലഭിച്ച ജയപാലന് നികുതി കിഴിച്ച് ബാക്കി ലഭിച്ചത് 7 കോടി രൂപയാണ്. വീണ്ടും ആദായ നികുതി റിട്ടേൺ സമർപ്പിച്ചപ്പോൾ ഒരു കോടി 45 ലക്ഷം വീണ്ടും നികുതി അടയ്ക്കേണ്ടി വന്നു. പണം വേറെ വഴി ചെലവഴിച്ചിരുന്നെങ്കിൽ സ്ഥലവും മറ്റും വിറ്റ് നികുതി അടയ്ക്കേണ്ടി വന്നേനെ. ആദായ നികുതി അടച്ചില്ലെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ പിഴ വരും. ഓരോ മാസവും ഇത്തരത്തിൽ തുക വന്ന് അധിക തുക പിഴയായി അടയ്ക്കേണ്ടി വരും. ലോട്ടറി തുക ഉപയോഗിച്ച് സ്ഥലം വാങ്ങിയിരുന്നെങ്കിൽ ആ സ്ഥലം വിറ്റ് നികുതി അടയ്ക്കേണ്ടി വന്നേനെ’- ജയപാലൻ പറയുന്നു.
സർക്കാർ നികുതി പിടിക്കണമെന്ന് തന്നെയാണ് ജയപാലൻ പറയുന്നത്. അത്തരത്തിൽ എല്ലാവരുടേയും കൈയിൽ നിന്ന് നികുതി പിടിച്ചാൽ സർക്കാരിന്റെ പ്രതിസന്ധി അവസാനിക്കും. കൃത്യമായി നികുതി അടച്ചാൽ പണം തിരികെ ലഭിക്കുമെന്നും ജയപാലൻ പറയുന്നു.
Read Also: ഓണം ബമ്പർ എടുത്തോ ? അടിയന്തരമായി ഈ നിബന്ധനകൾ അറിയുക
ലോട്ടറി അടിച്ച ശേഷം നിരവധി പേരാണ് സഹായം അഭ്യർത്ഥിച്ച് വന്നത്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ളവർ സഹായം ചോദിച്ചു. പക്ഷേ എല്ലാവരേയും തനിക്ക് സഹായിക്കാൻ സാധിക്കില്ല. തന്റെ കുടുംബത്തിലും നാട്ടിലുമുള്ള പാവപ്പെട്ടവരെയാണ് സഹായിച്ചതെന്നും ജയപാലൻ പറഞ്ഞു.
‘ഞാൻ പണം ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. അതിൽ നിന്നുള്ള പലിശ മ്യൂച്വൽ ഫണ്ടിലും ഇട്ടു. കുറച്ച് തുക കൊണ്ട് സ്ഥലവും വാങ്ങിയിട്ടുണ്ട്’- ജയപാലൻ പറഞ്ഞു.
Story Highlights: onam bumper 2021 winner jayapalan about his experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here