മഴ വരുമ്പോൾ കുടയെടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോൾ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് റോഡിലെ കുഴികളുടെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിരീക്ഷണം. മഴ വരുമ്പോൾ കുട എടുക്കണമെന്ന് കേട്ടിട്ടുണ്ട്, കുഴി വരുമെന്ന് കേൾക്കുന്നത് ഇപ്പോഴാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹസിച്ചു. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രവർത്തന രീതി മാറണമെന്ന് തോന്നുന്നില്ലേ എന്ന് ഹൈക്കോടതി എഞ്ചിനിയറോട് ചോദിച്ചു. ജൂൺ മുപ്പതിന് ശേഷമാണ് കൂടുതൽ കുഴികൾ ഉണ്ടായതെന്ന് എൻജിനിയർ മറുപടി നൽകി. ഹൈക്കോടതിയിൽ പൊതുമരാമത്ത് ഓഫീസ് തുറക്കേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഹാസം.
ഒരു അപകടം കാരണം വ്യക്തി മാത്രമല്ല, കുടുംബം കൂടിയാണ് നശിക്കുന്നത്. എന്തൊക്കെ സംഭവിച്ചിട്ടും ഇവിടെ ഒന്നും മാറാത്ത അവസ്ഥയാണ്. എന്നിട്ടും പുതിയ കേരളത്തെ കുറിച്ചാണ് സർക്കാർ പറയുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ആലുവ – പെരുമ്പാവൂർ റോഡിൽ ഒരു വിലപ്പെട്ട ജീവനാണ് നഷ്ടമായത്. കുഞ്ഞുമുഹമ്മദിന്റെ മരണത്തിൽ മകൻ പറഞ്ഞതാണ് കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കുഴിയിൽ വീണു എന്നുള്ളത് വസ്തുതയാണെന്നും കുഞ്ഞു മുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാർ ആണോ വഹിച്ചതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
Read Also: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; കുഞ്ഞുമുഹമ്മദിന്റെ ചികിത്സാ ചെലവ് സർക്കാരാണോ വഹിച്ചത്?
സർക്കാരിന് ഇന്നും കോടതിയുടെ വിമർശനം നേരിടേണ്ടിവന്നു. ആലുവ പെരുമ്പാവൂർ റോഡിന് എന്തുകൊണ്ടാണ് ഈ അവസ്ഥ ?. എൻജിയർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടായിട്ടുണ്ടോ?, ജനത്തെ കൊല്ലാൻ തക്ക കുഴികൾ എന്തുകൊണ്ട് ?, ബില്ലുകൾ പാസാക്കാൻ മാത്രമാണോ എൻജിനീയർമാർ? എന്നീ ചോദ്യങ്ങളാണ് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. ഇരുചക്ര വാഹനം ഓടിക്കാൻ കഴിയാത്ത റോഡുകളുണ്ട് കേരളത്തിലെന്നും കോടതി ചൂണ്ടിക്കാട്ടി.
ആലുവ – പെരുമ്പാവൂർ റോഡിന്റെ ചുമതലയുള്ള എൻജിനിയർ കോടതിയിൽ ഹാജരായി. എത്ര പൗരന്മാർ മരിക്കുന്നുവെന്ന ആശങ്കയാണ് ഹൈക്കോടതി രേഖപ്പെടുത്തിയത്. ഒരു ദിവസം കൊണ്ട് റോഡുകൾ നിർമിക്കാൻ കഴിയില്ല. ഭാഗ്യം മാത്രം വച്ചാണ് യാത്രക്കാർ ഇവിടെ യാത്ര ചെയ്യേണ്ടത്. ഖജനാവിന്റെ ആശങ്കയേക്കാൾ വലുതാണ് ജീവനുകൾ. എൻജിനിയർമാർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടോയെന്ന സംശയവും കോടതി രേഖപ്പെടുത്തി.
Story Highlights: kerala High Court strongly criticized the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here