ഹാർദിക് പാണ്ഡ്യയും കെ.എൽ രാഹുലും മിന്നി; ഓസ്‌ട്രേലിയയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. 30 പന്തിൽ പുറത്താകാതെ 71 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. കെ.എൽ രാഹുൽ 35 പന്തിൽ 55 റൺസെടുത്തപ്പോൾ, സൂര്യകുമാർ യാദവ് 25 പന്തിൽ 46 റൺസ് നേടി.
മോശം തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഒമ്പത് പന്തിൽ 11 റൺസെടുത്ത രോഹിത് ശർമ പുറത്തായി. വിരാട് കോലിക്കും കാര്യമായൊന്നും ചെയ്യാനാകാതെ ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മടങ്ങി. കെ.എൽ രാഹുലും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 42 പന്തിൽ 68 റൺസിന്റെ കൂട്ടുകെട്ട് പങ്കിട്ടു. ഇതിനിടെ ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറിയും കരിയറിലെ 18ാം ഫിഫ്റ്റിയും രാഹുൽ നേടി. 35 പന്തിൽ 55 റൺസെടുത്ത് രാഹുലും പുറത്തായി.
പിന്നാലെ 25 പന്തിൽ 46 റൺസെടുത്ത സൂര്യകുമാർ യാദവും പവലിയനിലേക്ക് മടങ്ങി. രണ്ട് ഫോറും നാല് സിക്‌സറും അടക്കമാണ് സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്. അക്‌സർ പട്ടേലിനും (6 റൺസ്), ദിനേഷ് കാർത്തിക്കും (6 റൺസ്) കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ ഹർഷൽ പട്ടേലിനൊപ്പം ഹാർദിക് പാണ്ഡ്യ ടീം ഇന്ത്യയുടെ സ്‌കോർ 200 കടത്തി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ നേടിയത് 67 റൺസ്. അവസാന ഓവറുകളിൽ കൊടുങ്കാറ്റായി മാറിയ ഹാർദിക് 20-ാം ഓവറിലെ അവസാന മൂന്ന് പന്തുകൾ സിക്സർ പറത്തി. ഏഴ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഹാർദികിന്റെ ഇന്നിംഗ്‌സ്.
ടി20 ലോകകപ്പിന്റെ മുന്നോടിയായി ഇരു ടീമുകൾക്കും ഈ പരമ്പര വളരെ പ്രധാനമാണ്. കളി ജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ലീഡ് നേടാനാണ് ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്.
Story Highlights: India vs Australia 1st T20 Live Score Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here