ജമ്മു കശ്മീരിലെ അനന്ത്നാഗിൽ 2 ഹൈബ്രിഡ് ഭീകരർ അറസ്റ്റിൽ

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്ന് നിരോധിത ഭീകര സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിന്റെ രണ്ട് ഹൈബ്രിഡ് ഭീകരരെ സുരക്ഷാ സേനയുടെ സംയുക്ത സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഭീകര നീക്കത്തെക്കുറിച്ചുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വാഗ്മ-ഓപ്ജാൻ റോഡിൽ സൈന്യവുമായി ചേർന്ന് സംയുക്ത പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. പരിശോധനക്കിടെ നിരോധിത ഭീകര സംഘടനയായ എജിയുഎച്ചിലെ രണ്ട് ഹൈബ്രിഡ് ഭീകരരെ സംയുക്ത സംഘം പിടികൂടി. വാഗ്മ ബിജ്‌ബെഹറയിൽ താമസിക്കുന്ന തൻവീർ അഹമ്മദ് ഭട്ടും മിഡോറ ത്രാലിൽ താമസിക്കുന്ന തുഫൈൽ അഹമ്മദ് ദാറുമാണ് പിടിയിലായത്.
തെരച്ചിലിൽ ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും രണ്ട് മാഗസിനുകളും 15 ബുള്ളറ്റുകളും കണ്ടെടുത്തു. ഇവർക്കെതിരെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. നേരത്തെ റംബാൻ ജില്ലയിലെ സംഗൽദാൻ, ഗൂൽ വനമേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെ ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. ചൈനീസ് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
Story Highlights: J-K Police arrests 2 hybrid terrorists of AGuH in Anantnag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here