പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറില്‍; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. ( peringalkuth dam shutters open water level of chalakkudy river raises )
ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടാനാണ് പദ്ധതി. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ടെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
അതേസമയം, മീന്‍പിടിക്കാനോ കുളിക്കാനോ മറ്റോ പുഴയില്‍ ഇറങ്ങരുത്. ജലത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ (ഡിഇഒസി) നിരീക്ഷിച്ചുവരികയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights: peringalkuth dam shutters open water level of chalakkudy river raises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here