‘പ്രതിയെ സംരക്ഷിച്ചു നിര്‍ത്തി സര്‍ക്കാരിനെ വെല്ലുവിളിച്ച യൂത്ത് കോണ്‍ഗ്രസ് മാപ്പുപറയണം’; ആവശ്യവുമായി ഡിവൈഎഫ്‌ഐ

എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും സംരക്ഷിച്ചെന്ന് ഡിവൈഎഫ്‌ഐ. കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായി ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ കസ്റ്റഡിയിലായ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവിച്ചു. (akg center attack dyfi says youth congress should apologise to kerala)
ഡിവൈഎഫ്‌ഐ പ്രസ്താവനയുടെ പൂര്‍ണരൂപം:
എ.കെ.ജി സെന്റര്‍ അക്രമം ; തെളിയുന്നത് കോണ്‍ഗ്രസിന്റെ ആസൂത്രിതമായ ക്രിമിനല്‍ പ്രവര്‍ത്തനം. യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം മാപ്പ് പറയുക.
എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് അന്വേഷണത്തില്‍ കസ്റ്റഡിയിലായിരിക്കുമ്പോള്‍ തെളിയുന്നത് കേരളത്തില്‍ സംഘടിതവും ആസൂത്രിതവുമായ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന കോണ്‍ഗ്രസ് സമീപനമാണ്.
എ.കെ.ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവര്‍ത്തകനെ കോണ്‍ഗ്രസ്‌യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിര്‍ത്തുകയും സംസ്ഥാന സര്‍ക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. മുന്നേ സംശയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.
ക്രിമിനല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകര്‍ക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോണ്‍ഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണം.
Story Highlights: akg center attack dyfi says youth congress should apologise to kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here