തകർപ്പൻ ബാറ്റിംഗുമായി രോഹിത്; ഇന്ത്യക്ക് ആവേശ ജയം

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 8 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ മുന്നോട്ടുവച്ച 91 റൺസ് വിജലക്ഷ്യം 2 പന്തും 6 വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. 20 പന്തുകളിൽ 46 റൺസെടുത്ത് പുറത്താവാതെ നിന്ന രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ആദം സാമ്പ 2 ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ ആദ്യ ഓവറിൽ രോഹിത് ശർമ രണ്ടും ലോകേഷ് രാഹുൽ ഒരു സിക്സറും നേടിയതോടെ ഓവറിൽ പിറന്നത് 20 റൺസ്. കമ്മിൻസ് എറിഞ്ഞ രണ്ടാം ഓവറിലും രോഹിത് പന്ത് നിലം തൊടാതെ അതിർത്തികടത്തി. ഓവറിൽ 10 റൺസ്. ആദം സാമ്പ എറിഞ്ഞ മൂന്നാം ഓവറിൽ രോഹിതിൻ്റെ മൂന്നാം സിക്സ്. എന്നാൽ, ഓവറിലെ അഞ്ചാം പന്തിൽ ലോകേഷ് രാഹുലിനെ (10) ക്ലീൻ ബൗൾഡാക്കി സാമ്പ ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നൽകി. ഡാനിയൽ സാംസ് എറിഞ്ഞ അടുത്ത ഓവറിൽ രോഹിതും കോലിയും ഓരോ ബൗണ്ടറി വീതം നേടി. ആ ഓവറിൽ 11 റൺസ് പിറന്നു.
അഞ്ചാം ഓവർ എറിഞ്ഞ സാമ്പയെ ആദ്യ പന്തിൽ കോലി ബൗണ്ടറിയടിച്ചെങ്കിലും അടുത്ത രണ്ട് പന്തുകളിൽ കോലിയെയും (11) സൂര്യകുമാർ യാദവിനെയും (0) മടക്കിയ സാമ്പ ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കോലിയുടെ സ്റ്റമ്പ് തെറിപ്പിച്ച സാമ്പ സൂര്യയെ വിക്കറ്റിനു മുന്നിൽ കുരുക്കി.
ഒരു വശത്ത് വിക്കറ്റുകൾ കടപുഴകുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ മുന്നോട്ടുനയിച്ചു. പാറ്റ് കമ്മിൻസ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ (9) കൂടി മടങ്ങിയതോടെ ഇന്ത്യ പതറി. കാമറൂൺ ഗ്രീൻ എറിഞ്ഞ അവസാന ഓവറിലെ 9 റൺസ് വിജയക്ഷ്യം ഒരു സിക്സറും ബൗണ്ടറിയുമായി ആദ്യ രണ്ട് പന്തുകളിൽ പൂർത്തിയാക്കിയ ദിനേഷ് കാർത്തിക് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയായിരുന്നു.
Story Highlights: india won australia t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here