പരിശ്രമങ്ങള്‍ക്കൊടുവില്‍ അതും കണ്ടെത്തി; ഭൂമിയിലെ ഉറുമ്പുകളുടെ കണക്കെടുത്തു; ഒരു മനുഷ്യന്‍ സമം 25 ലക്ഷം ഉറുമ്പുകള്‍

എണ്ണാന്‍ പറ്റുമെങ്കില്‍ ഒന്ന് എണ്ണിത്തന്നെ നോക്കണം….ഭൂമിയില്‍ എവിടെ നോക്കിയാലും നമുക്ക് കാണാന്‍ സാധിക്കുന്ന ഉറുമ്പുകളുടെ ആകെ തുക എത്രയെന്ന് തലപുകച്ചിരുന്ന ശാസ്ത്രലോകത്തിന് ഒടുവില്‍ ഉത്തരം കിട്ടി. മനുഷ്യരുടെ എണ്ണത്തേക്കാള്‍ അധികമുള്ള ഉറുമ്പുകള്‍ ഭൂമിയില്‍ ഏകദേശം 20 ക്വാഡ്രില്ലിണ്‍-അതായത് 200 കോടിക്കോടി എണ്ണം ഉണ്ട് എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. (number of ants on earth)
മുന്‍പ് പല തവണ പല രീതിയില്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചതാണ് ഉറുമ്പുകളുടെ എണ്ണത്തിന്റെ ഈ ഒരു കണക്ക് കണ്ടുപിടിക്കാന്‍. പക്ഷെ അന്നൊന്നും അതിന് ആര്‍ക്കും സാധിച്ചിരുന്നില്ല. ഇപ്പോഴിതാ 465 പഠനങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ശാസ്ത്രജ്ഞര്‍ ആ എണ്ണം പുറത്തു വിട്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച് ലോകജനസംഖ്യ 8 ബില്യണ്‍ കവിയുമെന്നാണ് പ്രവചനം. അങ്ങനെ എങ്കില്‍, ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം ഒരു മനുഷ്യന്‍ സമം 25 ലക്ഷം ഉറുമ്പുകള്‍ എന്ന കണക്കാണ് ഉള്ളത്. ഹോങ്കോംഗിലെയും ജര്‍മനിയിലെയും എന്റമോളജിസ്റ്റുകള്‍ ആണ് ഇതുസംബന്ധിച്ചുള്ള പഠനം നടത്തിയത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊസീഡിംഗ്സ് ജേണലില്‍ ഉറുമ്പുകളുടെ എണ്ണം കണ്ടെത്തിയിരിക്കുന്ന ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകത്തില്‍ 12,000-ലധികം ഇനം ഉറുമ്പുകള്‍ ഉണ്ട്. അവ സാധാരണയായി കറുപ്പ്, തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടാറുണ്ട്. ഏകദേശം ഒരു മില്ലിമീറ്റര്‍ മുതല്‍ മൂന്ന് സെന്റീമീറ്റര്‍ വരെ നീളമുള്ള ഉറുമ്പുകള്‍ ലോകത്തുണ്ട്. എന്നാല്‍ ശാസ്ത്രലോകം ഇതുവരെ പേര് നല്‍കാത്ത സ്പീഷീസുകളില്‍ പെട്ട ഉറുമ്പുകളും ഉണ്ട്.
ഉറുമ്പുകള്‍ സാധാരണയായി മണ്ണിലോ ഇലക്കറികളിലോ ചെടികളിലോ നമ്മുടെയൊക്കെ വീട്ടിലെ അടുക്കളയിലോ ഒക്കെയാണ് കാണാറുള്ളത്. ഉറുമ്പുകളുടെ എണ്ണം ഓരോ മേഖലകളിലും വ്യത്യാസപ്പെട്ടിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഉറുമ്പുകളുടെ എണ്ണം വളരെ അധികം കൂടുതലായിരിക്കും. അന്റാര്‍ട്ടിക്ക, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, എന്നീ ചില ദ്വീപ് രാജ്യങ്ങള്‍ ഒഴികെ ഭൂമിയിലെ മിക്കവാറും എല്ലായിടവും ഉറുമ്പുകള്‍ക്ക് സ്വദേശസ്ഥലമാണ്. ഏകദേശം 100 ദശലക്ഷം വര്‍ഷത്തിലധികമായി ഉറുമ്പുകള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
Read Also: ചീറ്റപ്പുലികളുടെ വരവ് രാജ്യത്ത് പുതിയ ആവേശം സൃഷ്ടിച്ചു:നരേന്ദ്രമോദി
ആളൊരു കുഞ്ഞനാണെകിലും പലപ്പോഴും അവര്‍ ഉപദ്രവകാരികള്‍ ആണ്. അതില്‍ ചിലരുടെ ഒരു കടി കിട്ടിക്കഴിഞ്ഞാല്‍ നല്ല വേദനയും നമുക്ക് ഉണ്ടാകാറുണ്ട്. സസ്യങ്ങളുടെ വിത്തുകള്‍ മണ്ണിനടിയിലേക്ക് കൊണ്ടുപോകുന്നതില്‍ അത് മുളക്കുന്നതിന് ഉറുമ്പുകള്‍ കരണക്കാരാകാറുണ്ട്. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് ഫോറസ്ട്രിയുടെ ഗവേഷണമനുസരിച്ച് മണ്ണിനെ വായു സഞ്ചാരമുള്ള ഇടമാക്കി മാറ്റുന്നതിലും ഉറുമ്പുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഉറുമ്പുകള്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ടാണ് സസ്യങ്ങളുടെ വേരുകളിലേക്ക് വെള്ളവും ഓക്‌സിജനും വേഗത്തില്‍ എത്തുന്നത് എന്നും പറയപ്പെടുന്നു.
Story Highlights: number of ants on earth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here