പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ മധ്യകേരളത്തിലും പരക്കെ അക്രമം

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ മധ്യകേരളത്തിലും പരക്കെ അക്രമം. വിവിധ ഇടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയാനും കടകളടപ്പിക്കാനും ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഈരാറ്റുപേട്ടയിൽ വാഹനം തടയാൻ അക്രമികൾ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി.
രാവിലെ ആദ്യ മണിക്കൂറിൽ ശാന്തമായിരുന്ന ഹർത്താൽ പിന്നീട് അക്രമാസക്തമായി. ആലുവ പെരുമ്പാവൂരിലും കമ്പനിപടിയിലും, കൂത്താട്ടുകുളത്തും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകൾ തകർന്നു. കളമശ്ശേരി വട്ടേകുന്നത്ത് കടയടപ്പിക്കാൻ എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും വ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായി. ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷം പോലിസ് ഇടപെട്ട് തടഞ്ഞു. ആലുവ മേഖലയിൽ മാത്രം 280 പൊലീസുകാരെയാണ് വിന്യസിച്ചത്.
Read Also: പോപ്പുലർ ഫ്രണ്ട് ഹർത്താൽ, അറസ്റ്റിലായത് 170 പേർ, ഏറ്റവും കൂടുതൽ അറസ്റ്റ് കോട്ടയത്ത്
നെടുമ്പാശ്ശേരിയിലെ ഹോട്ടൽ മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ തല്ലി തകർത്തു. പ്രതിഷേധപ്രകടനം കഴിഞ്ഞ് മടങ്ങിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എറണാകുളം എംജി റോഡിൽ അക്രമം അഴിച്ചു വിട്ടു. കടകൾ അടപ്പിച്ചതും വാഹങ്ങൾ തടഞ്ഞതും സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കോട്ടയത്തും തൃശൂരിലും പാലക്കാടും ഇടുക്കിയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ അക്രമം ഉണ്ടായി.
കോട്ടയം കുറിച്ചി, അയ്മനം, തെക്കുംഗോപുരം, ഏറ്റുമാനൂർ, കോടിമത എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തകർത്തു. കുറിച്ചിയിൽ സ്വകാര്യ ഹോട്ടൽ കല്ലേറിൽ തകർത്തു. സംക്രാന്തിയിൽ ലോട്ടറി കട തകർത്താണ് അക്രമികൾ പ്രതിഷേധിച്ചത്. എല്ലായിടത്തും ബൈക്കിൽ എത്തിയ സംഘങ്ങളാണ് അക്രമം നടത്തിയത്.
ഈരാറ്റുപേട്ടയിൽ വാഹനം തടയാൻ അക്രമികൾ ശ്രമിച്ചതോടെ പൊലീസ് ലാത്തി ചാർജ് നടത്തി. ഇവിടെനിന്ന് 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 100 ലധികം പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി.87 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തൃശൂർ മണത്തലയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസിന് നേരെയും കല്ലേറുണ്ടായി.
പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണുണ്ടായത്. കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്തു. കൊല്ലത്ത് ബൈക്കിലെത്തിയ ഹർത്താലനുകൂലികൾ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി. ആക്രമണങ്ങളിൽ 157 കേസുകളിലായി 170 പേരെ അറസ്റ്റ് ചെയ്തു. കോട്ടയത്താണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്.
Story Highlights: Popular Front Hartal; Widespread violence in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here