‘മലബാറിലും തെക്കും ഒരുപോലെ സ്വാധീനമുള്ള നേതാവായി ഇദ്ദേഹം മാറും’; പിണറായിയെക്കുറിച്ച് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്…

വിടവാങ്ങിയ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നേതാക്കളെല്ലാം അദ്ദേഹത്തിന്റെ നിരീക്ഷണ പാടവത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കാറുണ്ട്. എല്ലാ വിഷയങ്ങളും ആഴത്തില്‍ പഠിച്ച് മാത്രം അഭിപ്രായങ്ങള്‍ രൂപീകരിക്കുന്ന ആര്യാടന്‍ മുഹമ്മദിന്റെ പ്രവചനങ്ങളും നിരീക്ഷണങ്ങളും കൃത്യമാകാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിക്കേണ്ടതിനെക്കുറിച്ച് തൊണ്ണൂറുകളില്‍ ആര്യാടന്‍ മുഹമ്മദ് സംസാരിച്ചതിനെക്കുറിച്ച് ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി പി ജെയിംസ് വിശദീകരിക്കുന്നത് ഇങ്ങനെ:
‘1994-95 കാലഘട്ടമാണ്. നിയമസഭ നടന്നു കൊണ്ടിരിക്കുന്നു. നിയമസഭയില്‍ അന്ന് എംഎല്‍എ ആയിരുന്ന, ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടുകയാണ് ആര്യാടന്‍ മുഹമ്മദ്. പരസ്പരം വലിയ രീതിയില്‍ എന്തൊക്കെയോ പറഞ്ഞ് ഇരുവരും ഏറ്റുമുട്ടുന്നു. സഭ പിരിഞ്ഞ ശേഷം അദ്ദേഹം പുറത്തുവന്ന് ലോബിയിലിരുന്ന് അദ്ദേഹത്തിന്റെ ഇഷ്ട ബ്രാന്‍ഡായ ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിക്കുകയാണ്.
ആര്യാടന്‍ പുകവലിക്കുമെന്ന് പറഞ്ഞാല്‍ ആര്‍ക്കും അത്ഭുതമൊന്നുമില്ല. അദ്ദേഹം ചെയിന്‍ സ്‌മോക്കറാണെന്നത് പ്രശസ്തമാണ്. മുഖത്ത് കൈ വച്ചുകൊണ്ട് പിറകിലെ കോളര്‍ വലിച്ചിട്ടിട്ടാണ് അദ്ദേഹം സംസാരിച്ചുതുടങ്ങുക. ലോബിയിലിരുന്ന് അദ്ദേഹവുമായിട്ട് ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പിണറായി വിജയന്‍ അങ്ങോട്ട് കടന്നുവരുന്നു. നിറചിരിയോടെ അദ്ദേഹം പിണറായിയെ കൈവീശി കാണിച്ചു. തൊട്ടുമുന്‍പുവരെ സഭയില്‍ പരസ്പരം ഏറ്റുമുട്ടിയതാണ്. ഇപ്പോള്‍ പരാതിയോ പരിഭവമോ ഇല്ല.
പിണറായി നടന്നകന്ന ശേഷം ആര്യാടന്‍ മുഹമ്മദ് എന്നോട് പറഞ്ഞു. ഇദ്ദേഹത്തെ സൂക്ഷിച്ചോ പാര്‍ട്ടിയുടെ അടുത്ത ഏറ്റവും ശക്തനായ നേതാവ് ഇയാളായിരിക്കും എന്ന് ആര്യാടന്‍ പറഞ്ഞു. നയനാര്‍ മുതല്‍ കരുത്തന്മാരുടെ വലിയ നിര തന്നെ പാര്‍ട്ടിക്കുള്ള സമയമാണ്. പിണറായി അന്ന് വെറും എംഎല്‍എ മാത്രമാണ്. പക്ഷെ നോക്കിക്കോളൂ മലബാറിലും തെക്കും ഒരുപോലെ സ്വാധീനമുള്ള ഏറ്റവും ചങ്കൂറ്റമുള്ള നേതാവായി പിണറായി വിജയന്‍ മാറുമെന്ന് ആര്യാടന്‍ മുഹമ്മദ് എന്റെ മുഖത്തുനോക്കി അന്ന് പറഞ്ഞു’.
Story Highlights: aryadan muhammed old statement about pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here