Advertisement

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി; തീവ്ര വലത് സർക്കാർ അധികാരത്തിലേക്ക്

September 26, 2022
2 minutes Read

തീവ്ര വലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോനി അധികാരത്തിലേയ്ക്ക്. രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലെത്തുന്നത് ഇതാദ്യമായാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു. ഇന്ന് അന്തിമഫലം വരുമ്പോള്‍ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തല്‍.

വോട്ടെടുപ്പിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മെലോനി എല്ലാവർക്കും വേണ്ടി നിലകൊള്ളുന്ന സർക്കാർ ആയിരിക്കും അധികാരത്തിൽ വരികയെന്നു പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സർക്കാർ അധികാരമേറ്റെടുക്കുക.

ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി. ഇവരുൾപ്പെടുന്ന മുന്നണി അധികാരത്തിലെത്തിയാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തിൽ വരികയെന്നാണു വിലയിരുത്തൽ.

15 വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ‌ഇടമുണ്ട്. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.

Story Highlights: Giorgia Meloni set to lead Italy after right triumphs at polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top