Advertisement

ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര റൺസ്; ദ്രാവിഡിനെ മറികടന്നു; കോലിക്ക് മുന്നിൽ ഇനി സച്ചിൻ മാത്രം

September 26, 2022
Google News 2 minutes Read

ഇന്ത്യക്കായി ഏറ്റവുമധികം രാജ്യാന്തര റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോലി രണ്ടാം സ്ഥാനത്ത്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെയാണ് കോലി മറികടന്നത്. ഓസ്ട്രേലിയക്കെതിരായ അവസാന ടി-20 മത്സരത്തിലെ അർധസെഞ്ചുറി കോലിയെ രണ്ടാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു. ഇനി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

നിലവിൽ കോലിക്ക് ആകെ 24,078 റൺസുണ്ട്. 102 ടെസ്റ്റുകളിൽ നിന്ന് 8074 റൺസും 262 ഏകദിനങ്ങളിൽ നിന്ന് 12344 റൺസും 104 ടി-20കളിൽ നിന്ന് 3660 റൺസും ഉൾപ്പെടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്. 24,064 റൺസായിരുന്നു ദ്രാവിഡിൻ്റെ സമ്പാദ്യം. സച്ചിന് ആകെ 34,357 രാജ്യാന്തര റൺസുണ്ട്.

അതേസമയം, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഈ മാസം 28ന് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയിരുന്നു. ഹൈദരാബാദിൽ നിന്നെത്തിയ ഇന്ത്യൻ സംഘം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം.

വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ടീം അംഗങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു. താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.

28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

Story Highlights: kohli runs dravid sachin

.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here