‘പ്രദേശത്തെ പ്രധാന ഭക്ഷണം അറിയാൻ സമീപിക്കുക, ഡിവൈഎഫ്ഐ ഫുഡ് വ്ളോഗേഴ്സ്’; പരിഹാസവുമായി ഫാത്തിമ തെഹ്ലിയ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുകൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബാനറിന് മറുപടിയുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ. ”പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാൻ സമീപിക്കുക-ഡി.വൈ.എഫ്.ഐ ഫുഡ് വ്‌ളോഗ്‌സ്” എന്നായിരുന്നു ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചത്.(fathima thahiliya reply over dyfi post)
‘പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്’ എന്ന തലവാചകത്തിലായിരുന്നു ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിൽ ഡി.വൈ.എഫ്.ഐ ബാനർ സ്ഥാപിച്ചിരുന്നത്. പെരിന്തൽമണ്ണ ഏലംകുളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പേരിൽ ബാനർ ഉയർന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ചായക്കടകളിലും ഹോട്ടലുകളിലും കയറുന്നതിനെ സൂചിപ്പിച്ചാണ് പരിഹാസം.
ഇന്ന് രാവിലെയാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. മൂന്ന് ദിവസമാണ് ജില്ലയിൽ പര്യടനം തുടരുക. രാഹുൽ ഗാന്ധിയുമായി ഇന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലൂടെ കടന്നാണ് യാത്ര അടുത്ത സംസ്ഥാനമായ കർണാടകയിൽ പ്രവേശിക്കുന്നത്.
Story Highlights: fathima thahiliya reply over dyfi post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here