പ്രവചിച്ചത് റൺമഴ, ആറാടിയത് ബൗളർമാർ; നനഞ്ഞ പടക്കമായി ഗ്യാലറികൾ

കാര്യവട്ടം ട്വന്റി20-യിൽ ടീം ഇന്ത്യ എട്ടു വിക്കറ്റ് ജയം നേടിയെങ്കിലും ക്രിക്കറ്റ് ആരാധകർ നിരാശരാണ്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒഴുക്കിയെത്തിയ നീല കടലിനെ സാക്ഷിയാക്കി റൺമഴ പെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഫാസ്റ്റ് ബൗളർമാരുടെ അഴിഞ്ഞാട്ടത്തിൽ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകൾ വീഴുമ്പോൾ, സിക്‌സറുകള്‍ സ്വപ്‌നം കണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറികൾ നിശബ്ദരായി. ഒടുവില്‍ ഇന്ത്യന്‍ ജയത്തിന് കൈയടിച്ച് അവർ മടങ്ങി.
റൺ ഒഴുകും പിച്ചിൽ ബാറ്റ്സ്മാൻമാർ തീർക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കാണാൻ ഉച്ചവെയില്‍ മാനിക്കാതെ തിങ്ങിനിറഞ്ഞ ഗ്യാലറി നനഞ്ഞ പടക്കമായി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കാര്യവട്ടത്തു നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സന്ദര്‍ശകര ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വരുന്നതിലും വേഗത്തിൽ ദക്ഷിണാഫ്രിക്കന്‍ കളിക്കാർ മടങ്ങുന്നത് കണ്ട് ഇന്ത്യൻ ആരാധകർ പോലും ഒന്ന് ശങ്കിച്ചു.

മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിംഗും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു. ക്വിന്‍റൻ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലർ(പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ്(പൂജ്യം) എന്നീ വമ്പൻമാർ അതിവേഗം കൂടാരം കയറിയത് സന്ദർശകർക്ക് കനത്ത തിരിച്ചടിയായി. 41 റൺസെടുത്ത കേശവ് മഹാരാജിന്‍റെയും 25 റൺസെടുത്ത എയ്ഡൻ മർക്രമിന്‍റെയും 24 റൺസെടുത്ത വെയ്ൻ പാർനെലിന്‍റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തിയത്.

ആകെ 9 ഫോറും, 4 സിക്സറുമാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിൽ പിറന്നത്. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 107 റൺസിന്‍റെ വിജയലക്ഷ്യം എട്ടു വിക്കറ്റും 20 പന്തും ശേഷിക്കെയാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാർ യാദവ് 50 റൺസും കെ.എൽ രാഹുൽ 51 റൺസും നേടി പുറത്താകാതെ നിന്നു. റൺസെടുക്കും മുമ്പ് രോഹിത് ശർമ്മയും മൂന്നു റൺസെടുത്ത വിരാട് കോലിയും തുടക്കത്തിലേ പുറത്തായെങ്കിലും കൂടുതൽ നഷ്ടം കൂടാതെ രാഹുലും യാദവും ചേർന്ന് ഇന്ത്യയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു.

സൂര്യയുടെ ബാറ്റിംഗ് കാണികൾക്ക് നേരെ ആശ്വാസം നൽകി. വെറും 33 പന്തിൽ നിന്നാണ് സൂര്യകുമാർ യാദവ് 50 റൺസെടുത്തത്. 7 ഫോറും, 7 സിക്സറുമാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ പിറന്നത്. അതേസമയം സൈബർ ഇടങ്ങളിൽ കാര്യവട്ടം പിച്ചിനെ പരിഹസിച്ച് ട്രോളേന്മാർ രംഗത്ത് വന്നിട്ടുണ്ട്. വലിയ വിമർശനമാണ് പിച്ചിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Story Highlights: IND vs SA pitch trolls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here