സിപിഐയില്‍ വിഭാഗീയത തുടരുന്നു; കൊടിമര ജാഥ ബഹിഷ്കരിച്ച് കെ എ ഇസ്മയിലും സി ദിവാകരനും

നെയ്യാറ്റിന്‍കരയിലെ സിപിഐ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്കരിച്ച് വിമത പക്ഷം. കെ എ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന്‍ നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര് അനിലാണ് കൊടിമരം കൈമാറിയത്. (Ke Ismail and C Divakaran boycotted Kodimara Jatha)
സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.
എന്നാല്‍ സിപിഐയില്‍ വിഭാഗീയയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണവും സിപിഐയിലില്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് മുന്‍കാല ചരിത്രം തെളിയിക്കുന്നുണ്ടെന്നും കാനം നവയുഗം ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിപിഐഎമ്മിന് മുന്നില്‍ അടിയറവ് പറയുന്നുവെന്ന ആരോപണത്തിനും ലേഖനത്തിലൂടെ കാനം മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാനം മറുപടി നല്കി.
സിപിഐ സംസ്ഥാന സമ്മേളനത്തിന് നാളെയാണ് തുടക്കമാകുന്നത്. നാളെ വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് കൊടിമര ജാഥയും പതാക ജാഥയും സംഗമിക്കുക. കാനം രാജേന്ദ്രന് ഇരുജാഥകളേയും സ്വീകരിക്കും.
Story Highlights: Ke Ismail and C Divakaran boycotted Kodimara Jatha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here