മുസ്ലിം ലീഗിന്റെ ഇടം തട്ടിയെടുക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത്; പി കെ കുഞ്ഞാലിക്കുട്ടി

പിഎഫ്ഐക്കെതിരെ രഹ്യവ്യാപക ആശയ പ്രചാരണം നടത്തുമെന്ന് മുസ്ലിം ലീഗ്. ലീഗ് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗിന്റെ ഇടം തട്ടിയെടുക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത്. എന്നാൽ മുസ്ലിം വിഭാഗത്തിനിടയിൽ പോപ്പുലർ ഫ്രണ്ട് ഒരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.(pk kunjalikutty against popular front)
‘രാഷ്ട്രീയമായി പിഎഫ്ഐക്ക് സ്വാധീനം ഇല്ല. ഒരു പഞ്ചായത്ത് ഭരിക്കാൻ പോലും അവർക്ക് സാധിച്ചില്ല. മുഖ്യധാരാ സംഘടനകൾ അവരെ അംഗീകരിച്ചിട്ടില്ല. ലീഗിന്റെ ഇടം തട്ടിയെടുക്കാൻ ശ്രമമുണ്ടായി. എതിരാളിയായി കാണുന്നത് ലീഗിനെയാണ്. ഇത്തരം ശക്തികളെ തോൽപ്പിച്ചത് ലീഗാണ്. അത് കൂടുതൽ ശക്തമായി തുടരും.
പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതുപോലെ ആർ.എസ്.എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണം. നിരോധനമേർപ്പെടുത്തിയ കാര്യം മുസ്ലിം ലീഗ് വിശദമായി വിലയിരുത്തും. പിഎഫ്‌ഐ രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
പോപ്പുലർ ഫ്രണ്ടിന്റെ സ്വാഭാവിക എതിരാളി ലീഗാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ കൂടെയുള്ള സംഘടനകൾ ഇതേ പോലെയാണ് പ്രവർത്തിക്കുന്നത്. അത്തരം സംഘടനകൾക്ക് നിരോധനം വേണമോ എന്നത് മറ്റൊരു കാര്യമാണ്. ഇത്തരം ഭൂരിപക്ഷ വർഗീയത വളർത്തുന്ന സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Story Highlights: pk kunjalikutty against popular front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here