അടിയന്തരമായി റഷ്യ വിടണം; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക

റഷ്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ അടിയന്തരമായി അവിടെ നിന്നും മടങ്ങണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി മോസ്‌കോയിലെ യുഎസ് എംബസി. റഷ്യന്‍ പൗരന്മാരെ യുദ്ധത്തില്‍ അണിനിരത്തുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രതാ നിര്‍ദേശം. (US Embassy warns Americans to leave Russia)
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ അമേരിക്കന്‍ പൗരന്മാര്‍ റഷ്യയിലേക്ക് പോകരുതെന്നും നിലവില്‍ റഷ്യയിലുള്ള പൗരന്മാര്‍ ഉടന്‍ മടങ്ങണമെന്നും നിരവധി തവണ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എംബസി മുന്നറിയിപ്പ് കൂടുതല്‍ കടുപ്പിക്കുകയാണ്. ഇരട്ട പൗരത്വം അംഗീകരിക്കാന്‍ റഷ്യ വിസമ്മതിക്കാന്‍ ഇടയുണ്ടെന്നും യുഎസ് പൗരന്മാര്‍ക്ക് യുഎസ് കോണ്‍സുലാര്‍ സഹായങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാമെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.
Read Also: ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്
റഷ്യന്‍ യുവാക്കള്‍ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ കൂടി പശ്ചാത്തലത്തില്‍ ഇരട്ട പൗരത്വമുള്ളവരെ സൈനിക സേവനത്തിനായി റഷ്യ നിര്‍ബന്ധിച്ചേക്കാമെന്നും എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യം റഷ്യയില്‍ വ്യാപകമായി അട്ടിമറിക്കപ്പെടുകയാണെന്നും സ്വന്തം സുരക്ഷയെക്കരുതി ആരും പ്രതിഷേധ സംഗമങ്ങളില്‍ പങ്കെടുക്കരുതെന്നും എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്ന അമേരിക്കന്‍ പൗരന്മാരെപ്പോലും തടവിലാക്കാന്‍ റഷ്യന്‍ അധികൃതര്‍ ശ്രമിക്കുന്നതായും യു എസ് എംബസി പ്രസ്താവിച്ചു.
Story Highlights: US Embassy warns Americans to leave Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here