‘പ്രായപരിധി വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയില്ല, ഭയപ്പാടുമില്ല’; കീഴടങ്ങിയത് പാര്‍ട്ടിക്കെന്ന് സി ദിവാകരന്
സിപിഐയിലെ പ്രായപരിധി തര്‍ക്കം തുടരുന്നതിനിടെ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന പ്രതികരണവുമായി സി ദിവാകരന്. പ്രായപരിധി വെറും മാര്‍ഗനിര്‍ദേശം മാത്രമാണെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാടാണ് ശരിയെന്ന് സി ദിവാകരന് അഭിപ്രായപ്പെട്ടു. പ്രായപരിധി എന്നത് മാര്‍ഗനിര്‍ദേശമാണ് തീരുമാനമല്ലെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയതോടെ അതൊരു അടഞ്ഞ അധ്യായമായി മാറി. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതില്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സി ദിവാകരന് വ്യക്തമാക്കി. (c divakaran stand on age limit in cpi)
കെ ഇ ഇസ്മായിലും സി ദിവാകരനും ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുന്‍പ് പരസ്യമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ വിഷയത്തില്‍ താന്‍ നിലപാട് മയപ്പെടുത്തുവെന്ന സൂചനയാണ് കെ ഇ ഇസ്മായിലിന്റെ ഇന്നത്തെ പ്രതികരണത്തിലുണ്ടായിരുന്നത്. പ്രായപരിധി നടപ്പാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് പറഞ്ഞ ഇസ്മായില്‍ എന്ത് ചെയ്യാം പ്രായമായിപ്പോയില്ലേ എന്നും പ്രതികരിച്ചു.
പ്രായപരിധി വിഷയത്തിലെ മുന്‍നിലപാട് ഇന്നലെ സി ദിവാകരന് തിരുത്തിയിരുന്നു. ഇതിലാണ് വിശദീകരണവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയത്. താന്‍ എന്നും കീഴടങ്ങിയത് പാര്‍ട്ടിക്കാണെന്ന് സി ദിവാകരന് വിശദീകരിച്ചു. കീഴടങ്ങിയത് പാര്‍ട്ടി നേതൃത്വത്തിനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനും പാര്‍ട്ടി നേതൃത്വമാണെന്നായിരുന്നു സി ദിവാകരന്റെ മറുപടി.
Story Highlights: c divakaran stand on age limit in cpi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here