Advertisement

തമ്പുരാന്റെ കാര്യസ്ഥനായി ആര് തുടരണം എന്ന തര്‍ക്കത്തില്‍ സിപിഐ മറന്ന ഡി.രാജ

October 1, 2022
1 minute Read
cpi meeting without D raja's presence

ഡി.രാജ എങ്ങനെ നല്ല വായനക്കാരനായി എന്ന ചോദ്യത്തിന് ഒരുത്തരം പറഞ്ഞിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ വെല്ലൂരിലെ ചിത്തത്തൂര്‍ സ്‌കൂളിലെ ഉച്ചഭക്ഷണമായിരുന്നു ഏക ആശ്രയം. ഹൈസ്‌കൂളില്‍ എത്തിയതോടെ സൗജന്യ ഭക്ഷണം ഇല്ല. പല ദിവസവും പട്ടിണിയായി. ഉച്ചക്കഞ്ഞി ഇല്ലാത്ത ക്ളാസുകളില്‍ എത്തുമ്പോള്‍ പഠിത്തം നിര്‍ത്തുകയാണ് ഗ്രാമത്തിലെ ശീലം. ആരും ഹൈസ്‌കൂളില്‍ പോകാത്ത ആ കോളനിയില്‍ നിന്ന് അമ്മ രാജയെ പിന്നെയും അയച്ചു. സ്‌കൂളില്‍ കായിക പരിശീലനത്തിന്റെ പിരിയഡുകളുണ്ട്. ഒഴിഞ്ഞ വയറുമായി കളിക്കാന്‍ കഴിയാത്തതിനാല്‍ രാജ ലൈബ്രറിയില്‍ പോയിരുന്നു പുസ്തകം വായിച്ചു. അങ്ങനെ ഉന്നതസൗകര്യജാതരുടെ കളികളൊന്നും വശമില്ലാത്ത ബാല്യവും കൗമാരവും വായിച്ചുകടന്നുവന്നയാളാണ്. ആ ഗ്രാമത്തില്‍ നിന്ന് ആദ്യത്തെ പത്താംക്ളാസുകാരനും ആദ്യത്തെ ബിരുദധാരിയും ആദ്യത്തെ ബിഎഡുകാരനും ഉണ്ടായത് അങ്ങനെയാണ്. ആ രാജയ്ക്ക് വയര്‍നിറഞ്ഞവരുടെ കളികള്‍ കണ്ടാല്‍ വളരെ വേഗം മനസ്സിലാകും.

രണ്ടു കിലോമീറ്റര്‍ അകലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വന്നിരുന്ന ജനറല്‍ സെക്രട്ടറിയോടു പറയാതെ സിപിഐ പൊതു സമ്മേളനം തുടങ്ങിയിട്ടുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. അവിടെ നടക്കുന്നത് ഉണ്ട് വയറു നിറഞ്ഞവരുടെ കളിയാണ്. സാങ്കേതിക പിഴവെന്ന ന്യായീകരണമൊക്കെ എം എന്‍ സ്മാരകത്തിന്റെ അട്ടത്തുവച്ചാല്‍ മതിയെന്ന് ചരിത്രമറിയുന്നവര്‍ പറയും. ദേശീയ ബദല്‍ എന്ത് എന്നതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രത്യയശാസ്ത്ര പ്രശ്നം.

എഴുപത്തിയഞ്ചു കഴിഞ്ഞു വിരമിച്ചാല്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്ന് ആധികൊള്ളുന്ന നേതാക്കളും വയോധികരെ അഗതിമന്ദിരത്തിലേക്ക് അയയ്ക്കാന്‍ വെമ്പല്‍കൊള്ളുന്ന ഇളയച്ഛന്മാരും തമ്മിലുള്ള ശണ്ഠയാണ്. അവിടെ വെല്ലൂരിലെ ദളിത് കോളനികളില്‍ നിന്നു ജീവിതം കണ്ടുവന്ന രാജമാരുടെ രാഷ്ട്രീയത്തിന് ഒരു സ്ഥാനവും ഉണ്ടാകില്ല.

സിപിഐയുടെ പരിപാടികള്‍

വിഎസ് അച്യുതാനന്ദന്‍ സിപിഐഎമ്മില്‍ കലാപം ഉയര്‍ത്തുമ്പോള്‍ അതിനൊരു പ്രത്യയശാസ്ത്രപ്പോരിന്റെ അടരുണ്ടായിരുന്നു. ആത്യന്തികമായി നേതൃസ്ഥാനത്തിനുള്ള മല്‍സരമെന്നു വ്യാഖാനിക്കപ്പെടുമ്പോഴും ആ പോരാട്ടത്തിന് ധാര്‍മികതയുടെ ഒരു പരിചയുണ്ടായിരുന്നു. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി എസ് അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാനുള്ള കാരണം പാരമ്പര്യമല്ല, മുതിര്‍ന്ന നേതാവാണ് എന്ന കരുതലുമല്ല; ഉയര്‍ത്തിയ വിഷയങ്ങളുടെ മൂല്യമാണ്.
എം വി രാഘവന്‍ സിപിഐഎമ്മില്‍ നിന്നിറങ്ങുന്നത് ബദല്‍രേഖ ഉണ്ടാക്കിയാണ്. പാര്‍ട്ടിയില്‍ ജാതീയമായ അടിച്ചൊതുക്കലുണ്ടെന്ന് ആദ്യാവസാനം പറഞ്ഞിരുന്നു പുറത്തുപോയപ്പോഴും പിന്നെ മടങ്ങിവരാന്‍ ഒരുങ്ങിയപ്പോഴും ഗൗരിയമ്മ. സിപിഐയില്‍ ഇപ്പോള്‍ സത്യത്തില്‍ അങ്ങിനെയുള്ള ആകുലതകള്‍ ഒന്നുമില്ല.

കൊട്ടാരം ഭരിക്കുന്ന തമ്പുരാന്റെ കാര്യസ്ഥനായി ആരു തുടരണം എന്ന തര്‍ക്കം മാത്രമാണ് നടക്കുന്നത്. സിപിഐഎം ഭരിക്കുന്ന രാജ്യത്ത് കാര്യസ്ഥന്മാരെ സപ്ളൈ ചെയ്യുക എന്നതിനപ്പുറം എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് നേതാക്കന്മാര്‍ ആരും പറയുന്നുമില്ല. ആരെയെങ്കിലും ഒതുക്കാനാണെങ്കിലും നയപരമായിട്ടാണെങ്കിലും മല്‍സരിക്കുന്ന കാര്യത്തിലും മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും കര്‍ശന ചട്ടം പാലിച്ച പാര്‍ട്ടിയാണ് സിപിഐ. വിഎസ് സുനില്‍കുമാറും ഇ എസ് ബിജിമോളുമൊക്കെ സീറ്റ് ലഭിക്കാതെ മാറേണ്ടി വന്നത് അതുകൊണ്ടാണ്. തൃശൂരില്‍ സുനില്‍കുമാര്‍ അല്ലാതെ ആരു നിന്നാലും ജയിക്കില്ല എന്ന പ്രവചനങ്ങള്‍ അന്തരീക്ഷത്തില്‍ ഉള്ളപ്പോഴാണ് സിപിഐ ആ കടുത്ത തീരുമാനം നടപ്പാക്കിയത്. മന്ത്രിമാരെ തെരഞ്ഞെടുത്തപ്പോഴും കണ്ടു ആ കാര്‍ക്കശ്യം.

കെ ഇ ഇസ്മാഈലും സി ദിവാകരനും ഒക്കെയുള്ള കമ്മിറ്റികള്‍ തന്നെയാണ് ആ തീരുമാനത്തിന് കയ്യൊപ്പിട്ടത്. അതുപോലൊരു തീരുമാനം സ്വന്തം ശരീരത്തില്‍ സ്പര്‍ശിക്കുന്ന നില ആയപ്പോഴേക്കും അവരൊക്കെ ഉലഞ്ഞു. ഇതു സിപിഐയുടെ മാത്രം പുതുമയല്ല. ഔദ്യോഗിക രേഖകളില്‍ എഴുപത്തിയഞ്ച് എത്തിയപ്പോള്‍ സ്‌കൂളില്‍ നേരത്തെ ചേര്‍ക്കാനായി പ്രായം കൂട്ടിവച്ചതാണെന്നും അത്ര പ്രായം തികഞ്ഞിട്ടില്ലെന്നും സിപിഐഎമ്മിലെ ജി സുധാകരന്‍ പറഞ്ഞിട്ട് വര്‍ഷം രണ്ടു തികയുന്നതേയുള്ളു.

പാര്‍ലമെന്റി പ്രവര്‍ത്തനമോ പാര്‍ട്ടി സെക്രട്ടേറിയറ്റോ ഇല്ലെങ്കില്‍ കാറ്റുവീഴ്ചവരുമെന്നു കരുതുന്നവരുടെ നിലയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും എത്തിക്കഴിഞ്ഞു എന്നാണ് പുത്തരിക്കണ്ടം നല്‍കുന്ന ഒന്നാമത്തെ പാഠം. മാര്‍ക്സിസം ലെനിനിസമൊക്കെ വായിച്ച് ലേഖനമെഴുതിയും പാര്‍ട്ടിയുടേയും പോഷകസംഘടനകളുടേയം പൊതുയോഗങ്ങളില്‍ പ്രാസംഗികനായി പോയും ലൈക്കും കയ്യടിയും വാങ്ങിച്ച് കഴിയാനുള്ള മാനസികാവസ്ഥ ഇല്ലാത്തതുമാത്രമാണ് ഇപ്പോഴത്തെ പ്രശ്നം.

ഒരേയൊരു സി രാജേശ്വര റാവു

സി രാജേശ്വര റാവു സിപിഐയുടെ ജനറല്‍ സെക്രട്ടറി ആകുന്നത് 1964ലാണ്. അന്നു മുതല്‍ 1990 വരെ സിപിഐക്ക് മറ്റു ജനറല്‍ സെക്രട്ടറിമാര്‍ ഒന്നും ഉണ്ടായിട്ടില്ല. 26 വര്‍ഷത്തിനു ശേഷം രാജേശ്വര റാവു ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുമ്പോള്‍ പ്രായം 76 തികഞ്ഞിരുന്നില്ല. സി ദിവാകരന് ഈ സെപ്റ്റംബര്‍ 4ന് എണ്‍പതു വയസ്സു കഴിഞ്ഞു. കെ ഇ ഇസ്മാഈലിന് ഓഗസ്റ്റ് പത്തിന് എണ്‍പത്തിയൊന്നും.

കാനം രാജേന്ദ്രന്‍ സിപിഐയെ പിണറായി വിജയന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നു, ക്ലിഫ് ഹൗസില്‍ നിര്‍മിക്കുന്ന തൊഴുത്തിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കെല്‍പുള്ള ചെറുപ്പക്കാര്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഇവരൊക്കെ അല്ലാതെ മറ്റാരാണ്? കേരളാ കോണ്‍ഗ്രസുകള്‍ക്കുള്ളത്ര പിന്‍തുടര്‍ച്ചാവകാശികള്‍ പോലും വളര്‍ന്നുവരുന്നില്ല എന്നതാണ് സിപിഐ നേരിടുന്ന പ്രശ്നം. സംസ്ഥാന സമ്മേളനം അഭിമുഖീകരിക്കേണ്ടതും ആ പ്രശ്നമാണ്. ഡി രാജ വന്ന അതേ പശ്ചാത്തലത്തില്‍ നിന്നുള്ള കനയ്യകുമാറിനെപ്പോലുള്ള നേതാക്കള്‍ രാഹുല്‍ഗാന്ധിയുടെ കൂടെ നടന്ന് പുത്തരിക്കണ്ടത്തിനു മുന്നിലൂടെ പോയിട്ട് ആഴ്ച മൂന്നു തികയുന്നതേയുള്ളൂ.

Story Highlights: cpi meeting without D raja’s presence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top