ജയിൽ സംവിധാനങ്ങളെ പരിഷ്കരിച്ച കോടിയേരി; ഗോതമ്പുണ്ടയ്ക്ക് പകരം തരംഗമായ ജയിൽ ചപ്പാത്തി…

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്നു. പൊലീസ്–ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി എന്നത് ഏറെ ശ്രദ്ധേയം. സമരങ്ങളിലും മറ്റുമായി ജയവാസവും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് സേനയിലും ജയിലിലും അനിവാര്യമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
അതിൽ ഏറ്റവും ശ്രദ്ധ നേടിയ പരിഷ്‌കരണങ്ങളായിരുന്നു സ്റ്റുഡന്റ് പൊലീസ് കെഡറ്റും ജനമൈത്രി പൊലീസുമെല്ലാം. പൊലീസിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നതിന് പകരം ജനങ്ങളോട് കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ച നേതാവ്. നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നെങ്കിലും എല്ലാം അതിജീവിച്ചു.
ജയിൽ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ശിക്ഷ കേന്ദ്രം എന്നതിനപ്പുറത്ത് സർക്കാരിനു വരുമാനമുണ്ടാക്കുന്ന ഉൽപാദന കേന്ദ്രം കൂടിയായി ജയിലിനെ മാറ്റി. ജയിലിലെ ഗോതമ്പുണ്ട എന്ന ക്ളീഷേ ഡയലോഗുകളെ മാറ്റിമറിച്ച് 2 രൂപയ്ക്ക് ജയിൽ ചപ്പാത്തി എന്ന തരംഗമുണ്ടാക്കി.
ജയിലിൽ പുതിയ തൊഴിൽ സാധ്യതകൾ ഉടലെടുത്തു. ജയിൽമോചിതരാവുന്നവർക്കു സ്വന്തമായി തൊഴിലെടുത്തു ജീവിക്കാൻ കഴിയുന്ന സാഹചര്യം വന്നു. തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് ഗോതമ്പുണ്ടയെ ഒഴിവാക്കി. പുതിയ വിഭവങ്ങളുമായി പുതിയ മെനു നിലവിൽ വന്നു. ഇതെല്ലാം കോടിയേരി എന്ന നേതാവിന്റെ പരിഷ്കരണങ്ങളായിരുന്നു. ജയിൽ വകുപ്പിലെ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റി എഴുതാനും കോടിയേരി മുൻകൈയെടുത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here