‘എങ്ങനെ തുടങ്ങണമെന്നറിയില്ല, ഇങ്ങനെയൊരു യാത്രഅയപ്പ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’; വികാരഭരിതനായി മുഖ്യമന്ത്രി

കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. കോടിയേരിയെ ചികിത്സിച്ച ഡോക്ടർമാർക്ക് കൃതജ്ഞത അറിയിക്കുന്നതായും മാധ്യമങ്ങൾ നല്ല നിലപാട് സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ( Death of Kodiyeri; Pinarayi Vijayan speaks ).
മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റിയത് മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ്. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചിരുന്നു.
Read Also: <br>കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‍മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.
ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
Story Highlights: Death of Kodiyeri; Pinarayi Vijayan speaks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here