ഇറാനി കപ്പ്: മോശം തുടക്കം അതിജീവിച്ച് രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയുടെ തിരിച്ചുവരവ്; ലീഡ്

ഇറാനി കപ്പിൻ്റെ രണ്ടാം ഇന്നിംഗ്സിൽ സൗരാഷ്ട്രയുടെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സിൽ 98 റൺസിനു പുറത്തായ സൗരാഷ്ട്ര മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 368 റൺസ് നേടിയിട്ടുണ്ട്. 92 റൺസാണ് നിലവിൽ സൗരാഷ്ട്രയുടെ ലീഡ്. (irani cup saurashtra lead)
Read Also: ഏഷ്യാ കപ്പ്: മഴ കളിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസ് വിജയം
ആദ്യ ഇന്നിംഗ്സിൽ പേസർമാരാണ് സൗരാഷ്ട്രയെ തകർത്തുകളഞ്ഞത്. മുകേഷ് കുമാർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ സർഫറാസ് ഖാൻ്റെ സെഞ്ചുറിയും (138) ക്യാപ്റ്റൻ ഹനുമ വിഹാരിയുടെ ഫിഫ്റ്റിയും (82) റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ് സമ്മാനിക്കുകയായിരുന്നു. സൗരഭ് കുമാറും (55) റെസ്റ്റ് ഓഫ് ഇന്ത്യക്കായി തിളങ്ങി. സൗരാഷ്ട്രക്കായി ചേതൻ സക്കരിയ 5 വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിലും സൗരാഷ്ട്രയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. വെറും 87 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായ അവരെ ലോവർ – മിഡിൽ ഓർഡറും വാലറ്റവും ചേർന്നാണ് രക്ഷിച്ചെടുത്തത്. രണ്ട് ഇന്നിംഗ്സുകളിലും ഒരു റൺ വീതമെടുത്ത ചേതേശ്വർ പൂജാര ഏറെ നിരാശയായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെൻ ആണ് സൗരാഷ്ട്ര ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞത്.
Read Also: ടി20 പരമ്പര ഇന്ത്യയ്ക്ക്; സൗത്ത് ആഫ്രിക്കയെ തകർത്തത് പതിനാറ് റൺസിന്
ആറാം വിക്കറ്റിൽ ഷെൽഡൻ ജാക്ക്സൺ – അർപിത് വാസവദ സഖ്യത്തിൻ്റെ ചുറുത്തുനില്പ് സൗരാഷ്ട്രയെ രക്ഷപ്പെടുത്തി. 117 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. 71 റൺസെടുത്ത ജാക്ക്സൺ മടങ്ങിയതിനു പിന്നാലെ വാസവദയും (55) മടങ്ങി. 7 വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിൽ വീണ്ടും തകർച്ച മുന്നിൽ കണ്ട സൗരാഷ്ട്രയെ എട്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ജയദേവ് ഉനദ്കട്ടും പ്രേരക് മങ്കാദും ചേർന്ന് വീണ്ടും കൈപിടിച്ചുയർത്തി. എട്ടാം വിക്കറ്റിൽ 144 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് രണ്ടാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. 72 റൺസെടുത്ത് മങ്കാദ് മടങ്ങിയെങ്കിലും ഉനദ്കട്ട് (78) ക്രീസിൽ തുടരുകയാണ്.
Story Highlights: irani cup saurashtra lead 2nd innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here