അവസാന യാത്രയിൽ പ്രിയസഖാവിന്റെ ഭൗതികശരീരം തോളിലേറ്റി പിണറായിയും യെച്ചൂരിയും

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചിരുന്നു. ( Pinarayi and Yechury carried the body of Kodiyeri on their shoulders ).
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‍മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
Read Also: <br>കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.
ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും. ധീരസഖാവിനെ അവസാനമായി ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകൾ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Story Highlights: Pinarayi and Yechury carried the body of Kodiyeri on their shoulders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here