ഹിഗ്വയ്ൻ കളി മതിയാക്കുന്നു; ഈ സീസണൊടുവിൽ ബൂട്ടഴിക്കും: വിഡിയോ

അർജൻ്റൈൻ താരം ഗോൺസാലോ ഹിഗ്വയ്ൻ വിരമിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അമേരിക്കൻ ക്ലബ് ഇൻ്റർ മിയാമിക്കായി കളിക്കുന്ന ഹിഗ്വയ്ൻ മേജർ ലീഗ് സോക്കറിൻ്റെ നിലവിലെ സീസണൊടുവിൽ കളമൊഴിയും. ഏറെ വൈകാരികമായാണ് ഹിഗ്വയ്ൻ വിരമിക്കൽ പ്രഖ്യാപിച്ചത്. 2019ൽ തന്നെ താരം ദേശീയ ജഴ്സിയിൽ നിന്ന് വിരമിച്ചിരുന്നു.
‘എൽ പിപിറ്റ’ എന്നറിയപ്പെടുന്ന ഹിഗ്വയ്ൻ ഫ്രാൻസിലാണ് ജനിച്ചത്. അർജൻ്റീനയുടെ മുൻ താരം ജോർജ് ഹിഗ്വയ്ൻ്റെ മകനാണ് ഗോൺസാലോ. 10ആം വയസിൽ ഫ്രാൻസ് വിട്ട ഹിഗ്വയ്ൻ 2005ൽ അർജൻ്റൈൻ ക്ലബ് റിവർ പ്ലേറ്റിലൂടെ പ്രൊഫഷണൽ കരിയറിനു തുടക്കമിട്ടു. റിവർ പ്ലേറ്റിലെ മികച്ച പ്രകടനങ്ങൾ ഹിഗ്വയ്‌നെ യൂറോപ്പിലെത്തിച്ചു. 2007ൽ സ്പാനിഷ് വമ്പന്മാരായ റിയൽ മാഡ്രിഡിലെത്തുമ്പോൾ ഹിഗ്വയ്ന് പ്രായം 20. റിയൽ ജഴ്സിയിൽ 264 മത്സരങ്ങൾ കളിച്ച ഹിഗ്വയ്ൻ 121 ഗോളുകളും 56 അസിസ്റ്റുകളും നേടി. 2013ൽ ഇറ്റലൈയൻ ക്ലബ് നാപ്പോളിയിലെത്തിയ താരം പിന്നീട് യുവൻ്റസ്, എസി മിലാൻ, ചെൽസി എന്നീ ക്ലബുകൾക്കായും കളിച്ചു. 2020ലാണ് ഇൻ്റർ മിയാമിയിലെത്തിയത്. ഇൻ്റർ മിയാമിക്കായി 67 മത്സരങ്ങൾ കളിച്ച താരം 27 ഗോളുകളാണ് നേടിയത്.
അർജൻ്റൈൻ ജഴ്സിയിൽ 2009ലാണ് ഹിഗ്വയ്ൻ്റെ അരങ്ങേറ്റം. മറഡോണ ആയിരുന്നു ആ സമയത്ത് അർജൻ്റൈൻ പരിശീലകൻ. 2010 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പെറുവിനെതിരെ ഒക്ടോബർ 10ന് അരങ്ങേറിയ ഹിഗ്വയ്ൻ മത്സരത്തിൽ ഒരു ഗോളും നേടി. 2018 ലോകകപ്പ് വരെ അർജൻ്റീനയ്ക്കായി കളിച്ച താരം 75 മത്സരങ്ങളിൽ നേടിയത് 31 ഗോളുകൾ. 2019 മാർച്ച് 28നായിരുന്നു രാജ്യാന്തര മത്സരങ്ങളിൽ നിന്ന് താരം വിരമിച്ചത്.
Story Highlights: Gonzalo Higuain retires argentina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here