Advertisement

‘കൊച്ചണ്ണൻ സാഹിബിനായി തർക്കം; കോടതി കയറി അവകാശം അനുജന്

October 4, 2022
2 minutes Read

തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഹോട്ടലായ ‘കൊച്ചണ്ണൻ സാഹിബി’ൻ്റെ പേരുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിൽ വിജയം അനുജന്. കരമനയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന കൊച്ചണ്ണൻ സാഹിബ് ഹോട്ടലിൻ്റെ പേരുമായി ബന്ധപ്പെട്ടാണ് അനിയൻ സഫീർ ഖാനും ജ്യേഷ്ഠൻ ഫിറോസ് ഖാനും തമ്മിൽ നിയമപോരാട്ടം നടന്നത്. മട്ടൻ വിഭവങ്ങൾക്ക് പേരുകേട്ട കടയാണ് കൊച്ചണ്ണൻ സാഹിബ്.

ഇവരുടെ പിതാവ് കൊച്ചണ്ണൻ എന്നറിയപ്പെട്ടിരുന്ന പീരു മുഹമ്മദ് 1946ൽ ആരംഭിച്ച ഹോട്ടലാണ് ഇത്. പിതാവിൻ്റെ മരണശേഷം ഹോട്ടൽ മക്കളുടെ പേരിലായി. എങ്കിലും ഹോട്ടൽ നടത്തിവന്നിരുന്നത് അനിയൻ സഫീർ ആയിരുന്നു. 2019ൽ ഫിറോസ് ഖാൻ സ്ഥാപനത്തിലുള്ള എല്ലാ അവകാശങ്ങളും ഒഴിഞ്ഞ് ലൈസൻസ് ഉൾപ്പെടെ സഫീറിനു നൽകി. ‘കൊച്ചണ്ണൻ സാഹിബ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്’ എന്ന ട്രേഡ്‌മാർക്കും സഫീർ സ്വന്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റിൽ ജ്യേഷ്ഠൻ ഫിറോസ് ഖാൻ പൂജപ്പുരയിൽ ഇതേ പേരിൽ ഹോട്ടൽ തുറന്നു. കൊച്ചണ്ണൻ സാഹിബിൻ്റെ സഹോദര സ്ഥാപനം എന്ന പേരിലായിരുന്നു ഹോട്ടൽ. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഈ തർക്കം കോടതി കയറുകയായിരുന്നു. വാദം കേട്ട മൂന്നാം അഡി. ജില്ലാ കോടതി, സഫീർ ട്രേഡ്മാർക്ക് രജിസ്ട്രേഷൻ നേടിയ പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു. സഹോദരൻമാർ തമ്മിലുള്ള വസ്തു തർക്കമാണ് എന്ന എതിർ ഭാഗത്തിന്റെ വാദം തള്ളിയാണ് അഡി. ജില്ലാ ജഡ്ജി ആർ ജയകൃഷ്ണൻ വിധി പുറപ്പെടുവിച്ചത്.

വിധി വന്നിട്ടും ഇതുവരെ പൂജപ്പുരയിലെ കടയുടെ ബോർഡ് മാറ്റിയിട്ടില്ല എന്ന് സഫീർ 24നോട് പ്രതികരിച്ചു. “പൂജപ്പുരയിൽ കട തുടങ്ങുമ്പോൾ തന്നെ ഈ പേര് ഞാൻ ട്രേഡ്‌മാർക്ക് എടുത്തെന്ന് പറഞ്ഞു. പക്ഷേ, നമ്മളെ കളിയാക്കും പോലെയായിരുന്നു. ട്രേഡ്‌മാർക്ക് ഒക്കെ വലിയ കമ്പനികൾക്കേ കിട്ടൂ എന്ന്. അങ്ങനെ ട്രേഡ്‌മാർക്ക് എടുത്തിട്ടും കാര്യമില്ലല്ലോ എന്ന് ഞാൻ ബിന്ദു വക്കീലിനോട് പറഞ്ഞു. വക്കീൽ വഴിയാണ് പിന്നീട് കാര്യങ്ങൾ നീക്കിയത്. ഒന്നാം തീയതിയാണ് വിധി വന്നത്. എന്നിട്ടും ഇതുവരെ ബോർഡ് മാറ്റിയിട്ടില്ല. പൊലീസ് സ്റ്റേഷനിൽ ഇന്ന് സ്റ്റേ ഓർഡറും പരാതിയും കൊടുത്തിട്ടുണ്ട്.”- സഫീർ 24നോട് പ്രതികരിച്ചു.

Story Highlights: kochannan sahib hotel court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top