Advertisement

ലോകസമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരളത്തിന്റെ നിർദ്ദേശം പരിഗണനയിൽ: നോർവേയിലെ നോബൽ പീസ് സെന്റർ

October 5, 2022
Google News 4 minutes Read
Kerala's proposal to convene World Peace Conference under consideration: Nobel Peace Center

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റാഡ് വ്യക്തമാക്കി. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെന്റർ. ( Kerala’s proposal to convene World Peace Conference under consideration: Nobel Peace Center ).

കേരളം സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്ററുമായി സഹകരിച്ചു ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. ഒരു സർക്കാർ ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്ലോഗ്സ്റ്റാഡ് കൂട്ടിച്ചേർത്തു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ തിരക്കുകൾ മാറ്റിവെച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്.

കേരളത്തിന്റെ ഔദ്യോഗികമായ നിർദ്ദേശം ഈ വിഷയത്തിൽ ലഭിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല. ഒരു സംസ്ഥാന ഭരണകൂടം ഈ നിർദ്ദേശവുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ അതുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം; കേരളത്തിന് സഹായവാഗ്ദാനവുമായി നോർവേ

കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേ കേരളത്തെ സഹായിക്കും. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ കേരളത്തോട് സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

1953-ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ഒരു ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതേ തുടർന്നാണ് 1953-ൽ കൊല്ലം നീണ്ടകരയിൽ പദ്ധതി ആരംഭിക്കുന്നത്, 1961-ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപ്പാദനത്തിൽ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights: Kerala’s proposal to convene World Peace Conference under consideration: Nobel Peace Center

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here