നൂറ് രൂപയ്ക്ക് പെട്രോൾ അടിക്കുന്നത് നഷ്ടമാണോ ? ഉത്തരം നൽകി ലീഗൽ മെട്രോളജി വകുപ്പ്

100 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെ റൗണ്ട് ഫിഗറിൽ ഇന്ധനം നറയ്ക്കാൻ വിമുഖത കാണിക്കുന്നവരാണ് പലരും. അതിനൊരു കാരണം ഇത്തരം റൗണ്ട് ഫിഗറിൽ പമ്പുടമകൾ കുറഞ്ഞ അളവ് പെട്രോൾ സെറ്റ് ചെയ്ത് വച്ചിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഉപഭോക്താവിന് നഷ്ടം വരുമെന്നുമുള്ള പ്രചരണം ആണ്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ ? ( legal metrology department about round figure petrol filling )
റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറയ്ക്കാൻ ചിലർ മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തത്തിന് യാതൊരുവിധ അടിസ്ഥാനവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഓരോ പെട്രോൾ പമ്പിലെയും ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന നോസിലിന്റെ കൃത്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എണ്ണ വിതരണ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സീൽ ചെയ്താണ് നോസിലിന്റെ കാലിബറേഷൻ നടത്തിയിട്ടുള്ളതെന്ന് ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു.
അഞ്ചുലിറ്റർ വീതമാണ് നോസിലുകൾ കാലിബറേറ്റ് ചെയ്തിരിക്കുന്നത്. 30 സെക്കൻഡിൽ അഞ്ചുലിറ്റർ പെട്രോളോ ഡീസലോ വിതരണം ചെയ്യാൻ കഴിയുമെന്ന നിലയിലാണ് കാലിബറേഷൻ. ഇപ്രകാരം ഒരു മിനിറ്റിൽ പത്തുലിറ്റർ ഇന്ധനം വിതരണം ചെയ്യാൻ സാധിക്കും. അതിനാൽ തട്ടിപ്പിനുള്ള സാധ്യത കുറവാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിക്കുന്നു.
ഡിജിറ്റൽ സെറ്റിങ്ങ് ആണ് എന്ന് കരുതിയാണ് റൗണ്ട് ഫിഗറിൽ അല്ലാതെ പെട്രോൾ അടിക്കാൻ ഉപഭോക്താക്കളിൽ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതിന് യാതൊരുവിധ അടിസ്ഥാനവുമില്ല. ഒരു ലിറ്റർ ഇന്ധനമാണ് ആവശ്യപ്പെടുന്നതെങ്കിൽ 30 സെക്കൻഡിന്റെ അഞ്ചിൽ ഒരു ഭാഗമാണ് ഉപയോഗിക്കുന്നത്. റൗണ്ട് ഫിഗറിൽ ഇന്ധനം നിറയ്ക്കുമ്പോൾ കൃത്രിമം നടത്താൻ ഒരു സാധ്യതയുമില്ല. 110,125 എന്നിങ്ങനെ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാൽ കൃത്യമായി വിതരണം ചെയ്യുമെന്ന ധാരണ തെറ്റാണെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
തെറ്റായ അളവിലാണ് നോസിൽ ക്രമീകരിച്ചിരിക്കുന്നതെങ്കിൽ മാത്രമാണ് ഇതിന് സാധ്യതയുള്ളൂ. എന്നാൽ ഇത് പ്രായോഗികമല്ലെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. നോസിലിൽ കൃത്രിമം കാണിച്ചാൽ റൗണ്ട് ഫിഗറിൽ അല്ലാതെ ഇന്ധനം നിറച്ചാലും തട്ടിപ്പിന് ഇരയാക്കപ്പെടും. ഒടിപി അടിസ്ഥാനമാക്കിയാണ് പെട്രോൾ വിതരണം നടക്കുന്നത്. സെയിൽസ് ഓഫീസർ, ടെറിട്ടറി മാനേജർ അടക്കം ഉന്നത ഉദ്യോഗസ്ഥർക്കെല്ലാം ഒടിപി ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നോസിൽ ക്രമീകരിച്ച് പെട്രോൾ വിതരണം നടക്കുന്നതെന്നും ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
Story Highlights: legal metrology department about round figure petrol filling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here