ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം
വർഷം 1998…അന്നും ഒരു ഒക്ടോബർ മാസമായിരുന്നു…കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 22. പാലായിൽ നിന്ന് നിറയെ യാത്രക്കാരുമായി തൊടുപുഴയ്ക്ക് പോകുകയായിരുന്നു പ്രശാന്ത് ബസ്. ഒന്നര വയസുള്ള കുഞ്ഞടക്കമുള്ള യാത്രക്കാർ ഏതൊരു ദിവസത്തേയും പോലെ പുറത്തെ കാഴ്ചകൾ നോക്കി കാറ്റും കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ബസ് അപകടത്തിന്റെ കണ്ണീരോർമയായി മാറുകയാണ് ഈ യാത്രയെന്ന് അവർ അറിഞ്ഞില്ല…. ( pala ainkombu bus accident )
യാത്രാസംഘം ഐങ്കൊമ്പ് ആറാം മൈലിലെത്തി. പെട്ടെന്നാണ് ബസ് റോഡിന് സമീപമുള്ള തിട്ടയിൽ ഇടിച്ച് മറിഞ്ഞത്. വാതിൽ ബസിനടിയിലാകുന്ന രീതിയിലാണ് ബസ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരെല്ലാം മറിഞ്ഞു വീണു. ബസിനകത്ത് പെട്ടെന്ന് തന്നെ ചോരയുടെ മണം പടർന്നു. എങ്ങും കരച്ചിലുകൾ മാത്രം. അധികം വൈകിയില്ല ബസിന് തീ പിടിച്ചു….
വാതിൽ താഴെയായിരുന്നതിനാൽ രക്ഷപ്പെടാൻ മറ്റൊരു സാധ്യതയുമില്ലായിരുന്നു. പടർന്ന് പിടിക്കുന്ന തീ കണ്ട് ബസിന് മുൻവശത്തേയും പിറക് വശത്തേയും ചില്ലുകൾ തകർത്ത് ചുരുക്കം ചിലർ മാത്രം പുറത്തേക്ക് എടുത്ത് ചാടി. അപ്പോഴേക്കും ബസിന് പൂർണമായും തീ പിടിച്ചു..
നിസഹായരായി നിന്ന സ്ത്രീകളും കുട്ടികളും അഗ്നിക്കിരയായി. മുൻഭാഗത്ത് ഇരുന്നിരുന്ന സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ കൂടുതലും. സംഭവ സ്ഥലത്ത് തന്നെ വച്ച് 16 പേരാണ് വെന്ത് മരിച്ചത്. തിരിച്ചറിയാൻ പോലുമാകാത്ത 16 മൃതദേഹങ്ങൾ വാഴയിലയിൽ പൊതിഞ്ഞ് പായയിൽ കിടത്തിയത് ഇന്നും ഭീതിയോടെയെല്ലാതെ ഐങ്കൊമ്പ് നിവാസികൾക്ക് ഓർത്തെടുക്കാൻ സാധിക്കില്ല…
24 വർഷം മുൻപ് നടന്ന ഈ ബസപകടത്തിന് ശേഷമാണ് കെഎസ്ആർടിസി ബസുകളുടെ പിന്നിൽ മാത്രമല്ല, മുന്നിലും വാതിലുകൾ വയ്ക്കാനും, സത്രീകളുടെ സീറ്റ് പിന്നിലേക്ക് ആക്കുവാനുമുള്ള തീരുമാനം ഉണ്ടായത്.
Story Highlights: pala ainkombu bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here