വടക്കഞ്ചേരി വാഹനാപകടം; ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്ന് പിടിയിൽ

വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. ( Vadakkencherry accident; Driver arrested ).
അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
Read Also: വടക്കഞ്ചേരി അപകടം, നഷ്ടപരിഹാരം നൽകുന്നതിൽ സംസ്ഥാനം കേന്ദ്രത്തെ മാതൃകയാക്കണം; കെ. സുരേന്ദ്രൻ
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. വടക്കഞ്ചേരിയിൽ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവർ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി എം.പി രാജേഷ് പറഞ്ഞു
മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി, തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യാ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയി.
Story Highlights: Vadakkencherry accident; Driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here