Advertisement

റീ ടേക്കോ, എഡിറ്റോ ഇല്ലാതെ ഒരു സിനിമ; പൂർണ രൂപം സംവിധായകൻ പോലും കണ്ടിട്ടില്ല ! അന്തർദേശീയ ശ്രദ്ധ നേടി ’56 എപിഒ’

October 10, 2022
2 minutes Read

അനൂപ് ഉമ്മന്റെ ഇരുപത് വർഷത്തെ കാത്തിരിപ്പാണ് ഒടുവിൽ ഫലം കണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി യു.കെയിലെ സ്‌ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാനായുള്ള ആഗ്രഹവും പേറി നടക്കുകയായിരുന്നു ഈ സിനിമാ പ്രേമി. എഡിറ്റിംഗ്, ഗ്രേഡിംഗ് എന്നിങ്ങനെ പോസ്റ്റ് പ്രൊഡക്ഷനൊന്നും ഇല്ലാതെ ഒരു സിനിമ ചിത്രീകരിച്ച് ലോകമെമ്പാടും നിന്നും തെരഞ്ഞെടുക്കപ്പെട്ട 25 സിനിമകളിൽ ഇടം നേടിയിരിക്കുകയാണ് അനൂപ് ഉമ്മന്റെ 56 എപിഒ. കഴിഞ്ഞ 40 വർഷത്തിനിടെ ഒരു മലയാള ചിത്രത്തിന് ആദ്യമായാണ് സ്‌ട്രെയ്റ്റ് 8 ഫിലിം ഫെസ്റ്റിവലിലെ അവസാന 25 എണ്ണത്തിൽ ഇടം നേടാൻ കഴിയുന്നത്.

20 വർഷമായി പ്രൊഫഷനൽ സിനിമാറ്റോഗ്രാഫറായി പ്രവർത്തിക്കുകയാണ് അനൂപ് ഉമ്മൻ. അനൂപിന്റെ പ്രിയ ഫോർമാറ്റാണ് സൂപ്പർ 8. 56 എപിഒ എന്ന ചിത്രത്തിന്റെ കഥ, സംവിധാനം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചത് അനൂപ് തന്നെയാണ്. ‘വളരെ ടഫായ ഒരു ഫെസ്റ്റിവലാണ് ഇത്. എഡിറ്റിംഗ് പാടില്ല, പോസ്റ്റ് പ്രൊഡക്ഷനെല്ലാം ഫെസ്റ്റിവൽ അധികൃതരാണ് ചെയ്യുന്നത്. ഒരു ഫിലിം റോളിൽ തന്നെ സിനിമീ ചിത്രീകരണം പൂർത്തിയാക്കണം. ഏതെങ്കിലുമൊരു ആർട്ടിസ്റ്റ് തെറ്റിച്ചാൽ, ആദ്യം മുതൽ തന്നെ ചിത്രീകരണം തുടങ്ങേണ്ടി വരും. ഇങ്ങനെ വളരെ പാടാണ് ഈ രീതിയിൽ സിനിമ ചിത്രീകരിക്കാൻ. ഈ കടമ്പകളെല്ലാം താണ്ടിയാണ് സിനിമ അയച്ചത്. അതുകൊണ്ട് തന്നെ ഫൈനൽ ഔട്ട് ഞാൻ പോലും കണ്ടിട്ടില്ല. അതിന്റെ ഒരു ഷോട്ട് മാത്രമാണ് കണ്ടിട്ടുള്ളത്’- അനൂപ് ഉമ്മൻ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത്; ഒടുവിൽ ആ സ്വപ്‌നവും പൂവണിയുന്നു; സ്വതന്ത്ര സംവിധായകനായി സുധീഷ് രാമചന്ദ്രൻ

റീടേക്ക് ഇല്ലാതെ സിനിമ ചിത്രീകരിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അനൂപ് പറയുന്നു. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ചിത്രത്തെ കുറിച്ച് ഐഡിയ ഉണ്ടാകണമെന്ന് അതുകൊണ്ട് തന്നെ അനൂപിന് നിർബന്ധമായിരുന്നു. അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ്‌സിന് വരെ ചിത്രീകരണത്തെ കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരുന്നു. ടേക്കിന് തൊട്ട് മുൻപ് ക്രൂവിനും ആർട്ടിസ്റ്റിനും വേറെ വേറെ റിഹേഴ്‌സലുകൾ നടത്തിയിരുന്നു. ഒരു തവണ തെറ്റിച്ചാൽ വീണ്ടും പുതിയ റോൾ ഇട്ട് വീണ്ടും ചിത്രീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഓരോ ടേക്കിന് മുൻപും റിഹേഴ്‌സൽ നടത്തി മൊത്തം രണ്ട് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒറ്റ റോളിൽ തന്നെ ചിത്രീകരണവും വിജയകരമായി പൂർത്തിയാക്കി.

സിനിമയുടെ കഥ രചിച്ച് കഴിഞ്ഞപ്പോൾ തന്നെ ആഷിഖ് അബുവായിരുന്നു മനസിൽ. ‘എന്റെ കഥാപാത്രത്തിന് ഒത്ത ഉയരവും ശരീരവുമായിരുന്നു ആഷിഖ് അബുവിനും. മൈഥിലിയും അങ്ങനെ തന്നെ മനസിൽ വന്നതാണ്’- അരുൺ ഉമ്മൻ പറഞ്ഞു.

ഒക്ടോബർ 22ന് ലണ്ടനിലെ ബിഎഫ്‌ഐ തീയേറ്ററിലാണ് ചിത്രത്തിന്റെ പ്രീമിയർ നടക്കുന്നത്. നവംബറിൽ ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യും.

ദ ലിറ്റിൽ റിഡിൽ എന്ന മലയാള ചിത്രം അനൂപ് ഉമ്മൻ സംവിധാനം ചെയ്ത ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഓസ്‌കർ എൻട്രി കൂടിയായിരുന്നു ലിറ്റിൽ റിഡിൽ. ഹിന്ദിയിൽ ഭരാത് എന്ന ചിത്രമാണ് അനൂപിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

Story Highlights: ’56 APO’ Getting international Attention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top