Advertisement

കൊടുങ്ങല്ലൂർ അഴീക്കോട് നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യ ബന്ധനം

October 10, 2022
1 minute Read

നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനെ ചൊല്ലി കടലിൽ സംഘർഷം. വല മുറിച്ച് രക്ഷപ്പെട്ട രണ്ട് ബോട്ടുകളെ ഫിഷറീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് സാഹസികമായി പിടികൂടി. ഞായറാഴ്ചയാണ് കടലിലും കരയിലുമായി സംഘർഷഭരിതമായ സംഭവങ്ങൾ അരങ്ങേറിയത്. മുനമ്പം പള്ളിപ്പോർട്ട് അറക്കപ്പറമ്പിൽ ബിജു ആൻ്റണിയുടെ ഉടമസ്ഥതയിലുള്ള ആബാൻ, ആബേൽ എന്നീ ബോട്ടുകളാണ് അനധികൃത മത്സ്യബന്ധനം നടത്തിയത്.

കഴിമ്പ്രം കടലിൽ നിരോധിത വല ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ ഈ രണ്ട് ബോട്ടുകളെ പരമ്പരാഗത മത്സ്യതൊഴിലാളികൾ തടഞ്ഞിരുന്നു.വിവരമറിഞ്ഞ് ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ടി.ടി ജയന്തിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയപ്പോഴേക്കും വല മുറിച്ച് ബോട്ടുകൾ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ബോട്ടുകൾ മുനമ്പം ഫിഷ് ലാൻ്റിംഗ് സെൻ്ററിന് സമീപം നിറുത്തിയിട്ടതായി വിവരം ലഭിച്ചു.

ഞായറാഴ്ച്ച വൈകീട്ട് മുനമ്പത്തെത്തിയ ഫിഷറീസ് ഉദ്യോഗസ്ഥരും അഴീക്കോട് തീരദേശ പൊലീസും ബോട്ടുകൾ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് ബോട്ടുടമയും സംഘവും തടഞ്ഞു.വാക്ക് തർക്കത്തിനിടെ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത ബോട്ടുടമ, കസ്റ്റഡിയിലെടുത്ത ബോട്ട് കടലിലേക്ക് ഓടിച്ചു കൊണ്ടു പോകുകയും ഫിഷറീസ് ബോട്ടിൽ ഇടിക്കുകയും ചെയ്തു.ബോട്ടിലുണ്ടായിരുന്ന ഫിഷറീസ് സീ ഗാർഡുമാരും മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബോട്ടുടമയെ ബലപ്രയോഗത്തിലൂടെ കീഴടക്കി ബോട്ട് കരയിലെത്തിച്ചു.

Read Also: കടലിന്റെ മക്കൾക്കായി ഓരോണപ്പാട്ട്; ഗാനം പുറത്തിറക്കി ലത്തീൻ അതിരൂപത


മറൈൻ എൻഫോഴ്സ്മെൻ്റ് എ.എസ്.ഐ ഷിജു, കോസ്റ്റൽ എസ്.ഐ ഷോബി വർഗീസ്, ശിവൻ, സീനിയർ സി.പി.ഒ ഷൈൻ, രഞ്ജിത്ത്, ഫിഷറീസ് സീ ഗാർഡുമാരായ ഷിഹാബ്, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ബോട്ട് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബോട്ടുകൾക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബോട്ടുടമക്കെതിരെ ക്രിമിനൽ കേസിന് പരാതി നൽകിയതായും ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ടി.ടി ജയന്തി ഇന്ന് പറഞ്ഞു.

Story Highlights: Illegal Fishing Kodungallur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top