കേരളത്തിലെ നരബലി ഞെട്ടിപ്പിക്കുന്നത്; പൊതുസമൂഹമടക്കം ഇതിന് ഉത്തരവാദിയെന്ന് ആനി രാജ

കേരളത്തിലെ നരബലി ഞെട്ടിപ്പിക്കുന്നതെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ. പൊതുസമൂഹമടക്കം ഇതിന് ഉത്തരവാദിയാണ്.സാക്ഷരതയടക്കം പലകാര്യങ്ങളിലും കേരളം മാതൃകയായി അഭിമാനം കൊള്ളുമ്പോഴാണ് ഈ സംഭവം. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ കുറ്റവാളികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കി പക്ഷം പിടിക്കുന്ന സമൂഹമാണ് കേരളത്തിന്റെ ദുരന്തമെന്ന് ആനി രാജ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം കൊച്ചിയിൽ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിൽ കസ്റ്റഡിയിലുള്ള ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. പക്ഷേ അദ്ദേഹം പാർട്ടി അംഗമല്ലെന്ന് എം.എ.ബേബി പറഞ്ഞു.
നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമാണിതെന്നും ബേബി പറഞ്ഞു.
അതിനിടെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Story Highlights: Annie Raja Reacts Human Sacrifice Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here