നരബലിക്ക് പിന്നിൽ പ്രവർത്തിച്ചത് സിപിഐഎം പ്രാദേശിക നേതാവ്, ഇത്തരക്കാർ സമൂഹത്തിന് ഭീഷണി; കെ.സുധാകരൻ

കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണിൽ ഇരട്ട നരബലി നടന്നിരിക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
പിണറായി വിജയൻ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 “മാൻമിസ്സിംഗ് ” കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ല. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങൾ സിപിഎമ്മിലൂടെ പുനർജ്ജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്.
രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സിപിഎം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല .കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന
മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.
Read Also: നരബലി; പിടിയിലായ ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് എം.എ.ബേബി
ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസിൽ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. മാൻ മിസ്സിംഗ് കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പത്തനംതിട്ടയിലെ നരബലിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.
Story Highlights: K Sudhakaran Reacts 2 women killed in suspected human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here