കൃത്യസമയത്ത് റോഡിലെ കുഴി അടച്ചിരുന്നെങ്കിൽ…; സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോസ്റ്റോറി

സാധാരണ മനുഷ്യരുടെ ജീവൻ റോഡുകളിൽ പൊലിയുന്നത് പ്രമേയമാക്കി ഫോട്ടോഗ്രാഫർ അരുൺ രാജ് ചെയ്ത ഫോട്ടോസ്റ്റോറി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഒരു അമ്മയ്ക്ക് മകളെ നഷ്ടപ്പെടുന്നു. ആ ദുഖം താങ്ങാനാവാതെ കുഴി അടയ്ക്കണമെന്ന അപേക്ഷയുമായി അവർ ജനപ്രതിനിധിയെ കാണാനെത്തിയിട്ടും ആരും ശ്രദ്ധിച്ചില്ല. ( Arun Raj’s photo story viral on social media ).
എന്നാൽ അതേ കുഴി കാരണം ജനപ്രതിനിധിയുടെ മകൾതന്നെ അപകടത്തിൽപ്പെടുകയും മരിക്കുകയും ചെയ്യുന്നു. മകൾ നഷ്ടപ്പെട്ട ആ അമ്മയുടെ ആവശ്യം ക്ഷമയോടെ കേട്ട് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ജനപ്രതിനിധിക്ക് മകളെ നഷ്ടമാവില്ലായിരുന്നു എന്നതാണ് ഫോട്ടോസ്റ്റോറിയുടെ പ്രമേയം. റോഡിലെ കുഴിമൂലം ജീവൻ നഷ്ടമാകുന്നവരെക്കുറിച്ചും അധികാരികളുടെ മെല്ലെപ്പോക്കിനെപ്പറ്റിയും ഓർമപ്പെടുത്തുന്നതാണ് അരുൺ രാജിന്റെ വ്യത്യസ്തമായ ഫോട്ടോസ്റ്റോറി.
ഫോട്ടോസ്റ്റോറിക്കൊപ്പം അരുൺ രാജ് പങ്കുവെച്ച കുറിപ്പ്
വൈകുന്ന തിരിച്ചറിവുകൾ… അധികാരസിരകളിൽ തിളച്ചുമറിയും പണക്കൊഴുപ്പും ഗർവും മറയ്ക്കും തിമിരത്താൽ ഒരായിരം ജീവനുകൾ പൊലിയുന്ന നിരത്തുകൾ. അതായിരിക്കും ആ അമ്മയുടെ കണ്ണീർക്കണങ്ങളുടെ ആഴം അറിയാൻ അയാൾ വൈകിയത്. എന്നിട്ടും നിരന്തരം അവൾ നടത്തിയൊരു യുദ്ധമുണ്ട്. പൂക്കളുടെ ഗന്ധം വമിക്കുന്ന വിരലുകളിൽ കുഞ്ഞുമകളുടെ ചേതനയറ്റ ചോര പുരണ്ട ശരീരം പേറിയ കൈകൾ നിവേദനങ്ങളുമായി, അപേക്ഷയുമായി അയാളുടെ പടികൾ കയറിയിറങ്ങിയിട്ടുമുണ്ട്. വെളുക്കെ ചിരിച്ചും സമാധാനിപ്പിച്ചും മേഘങ്ങൾക്കു മേലെ അയാൾ പറന്നകന്നിട്ടും, അവകാശത്തിന്റെ അപേക്ഷകൾ നിഷേധത്തിന്റെ കരിപുരണ്ടു ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നു. അതുതന്നെയാണ്, ആ തിരിച്ചറിവു തന്നെയാണ് അയാളെ ചുഴറ്റിയടിച്ചതും, ദേവലോകങ്ങൾക്കും താഴെ വലിച്ചിഴച്ചു വെറും മണ്ണിലേക്ക് കൊണ്ടിട്ടതും. പൂഴ്ത്തിവച്ചതും, വെട്ടിപ്പിടിച്ചതും മകളുടെ പട്ടടയിൽ എരിയുന്ന വിറകിന്റെ വിലപോലുമില്ലന്നറിയുന്ന നിമിഷം. കാലങ്ങൾക്കു മുൻപ് ഇതുപോലെ വെള്ളത്തുണിയിൽ പൊതിഞ്ഞു കരയുന്ന അവളെ വാങ്ങിയ കൈകളിൽ ഇന്ന് ചോരപുരണ്ട കോറമുണ്ടിൽ പൊതിഞ്ഞു അവൾ എത്തിയപ്പോൾ, നിലതെറ്റി, കാലിടറി താഴേക്കു വീണപ്പോൾ, ഒരു പക്ഷെ ആ അമ്മയ്ക്ക് മനസ്സിലായിട്ടുണ്ടാകും. അയാളുടെ തോളിൽ അമർന്നിരിക്കുന്ന ഓർമ്മകളുടെ പാപഭാരം. അവർ ചിരിച്ചില്ല, അവർക്കറിയാം, അയാൾ എരിയുകയാണന്നു.. മകൾക്കു കീഴെ ദഹിപ്പിക്കും അന്ത്യാഗ്നിയാവുകയാണെന്ന്.
Story Highlights: Arun Raj’s photo story viral on social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here