Advertisement

അന്ധവിശ്വാസങ്ങൾക്ക് എതിരെ സിപിഐഎം പാർട്ടി ക്ലാസ്സ്‌ നടത്തും; എം.വി ഗോവിന്ദൻ ട്വന്റിഫോറിനോട്

October 12, 2022
Google News 2 minutes Read
human sacrifice case, CPIM to conduct class against superstitions; MV Govindan

ദീപക് ധർമ്മടം

അന്ധവിശ്വാസങ്ങൾക്ക് എതിരെ സിപിഐഎം പാർട്ടി ക്ലാസ്സ്‌ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ട്വന്റിഫോറിനോട്. അന്ധവിശ്വാസ ജടിലമായ ഒരു ജീർണ്ണത മുറ്റിനിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുയർന്നു വരുന്ന പ്രശ്നമാണിത്. പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയോ അല്ലെങ്കിൽ പാർട്ടി വിരുദ്ധരോ എന്ന് നോക്കിയിട്ടല്ല കുറ്റവാളികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടത്. കേരളത്തിലെ ഗവൺമെന്റ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

എം.വി ഗോവിന്ദൻ ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തിന്റെ പൂർണരൂപം

1) നവോത്ഥാന കേരളത്തിന് അപമാനമായ രീതിയിൽ ഒരു നരബലി കേരളത്തിൽ നടന്നിരിക്കുകയാണ്. യഥാർത്ഥത്തിൽ ആ നരബലി ആറുമാസം മുൻപുള്ള ഒരു പരാതിയാണ്. വൈകിയാണെങ്കിലും പൊലീസ് ഇപ്പോൾ ഇത് കണ്ടെത്തിക്കഴിഞ്ഞു. ഇതിനെ എങ്ങനെയാണ് സിപിഐഎം കാണുന്നത്? പ്രത്യേകിച്ചും ഇത് യുപിയിലോ അല്ലെങ്കിൽ വടക്കേ ഇന്ത്യയിലോ അല്ല നടക്കുന്നത്.

അന്ധവിശ്വാസ ജടിലമായ ഒരു ജീർണ്ണത മുറ്റിനിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുയർന്നു വരുന്ന പ്രശ്നമാണിത്. ആ പ്രശ്നം പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. കേരളത്തിലെ പൊലീസിന് ലഭിച്ച ലോകവ്യാപകമായ ഒരു അംഗീകാരമാണിത്. പോലീസ് ഇപ്പോൾതന്നെ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആവശ്യമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. തുടർന്നും ആവശ്യമായ നിലപാട് സ്വീകരിക്കും എന്നുതന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

2) ഇതിൽ സിപിഐഎമ്മിന് എതിരെ രാഷ്ട്രീയ ശത്രുക്കൾക്ക് പറയാനുള്ളത് ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം ഇതിൽ ഉൾപ്പെട്ടു എന്നുള്ളതാണ്.

ബ്രാഞ്ച് കമ്മിറ്റി അംഗമോ അല്ലയോ എന്നുള്ളത് ഒരു പ്രശ്നമേയല്ല. പാർട്ടിയോ അല്ലെങ്കിൽ പാർട്ടി വിരുദ്ധരോ എന്ന് നോക്കിയിട്ടല്ല ഇതിൽ നിലപാട് സ്വീകരിക്കേണ്ടത്. ശരിയായ നിലപാട് കേരളത്തിലെ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്. ഇത് നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ സാധിക്കത്തക്ക രീതിയിൽ എല്ലാവിധ തെളിവുകളും പൊലീസ് കൃത്യമായി കണ്ടെത്തും എന്നാണ് പാർട്ടിക്കുവേണ്ടി പറയാനുള്ളത്.

3) ഇത്തരം അനാചാരങ്ങൾക്കെതിരായ ഒരു ബോധവൽക്കരണം വേണ്ടതല്ലേ? അത് വീണ്ടും അനിവാര്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവമല്ലേ ഇത്?

തീർച്ചയായും. ഒരു സംശയവുമില്ല. വളരെ വളരെ കടുത്ത രീതിയിലുള്ള പാർട്ടി വിദ്യാഭ്യാസവും ആശയ വ്യക്തയും രൂപപ്പെടുത്താനുള്ള പ്രവർത്തനം നടത്തേണ്ടതുണ്ട്. അതിന് കൂടുതൽ ആവശ്യകതയുണ്ട്.

4) മുഖ്യമന്ത്രിയുടെ പ്രധാനപ്പെട്ട വിദേശയാത്ര വലിയ വിവാദത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എങ്ങനെയാണ് പാർട്ടി ഇതിനെ കാണുന്നത്? പാർട്ടിയിൽ പറയാതെ മുഖ്യമന്ത്രി പോവില്ലല്ലോ?

പാർട്ടിയിൽ ആലോചിച്ചു തന്നെയാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പോയിരിക്കുന്നത്. ഇങ്ങനെ മന്ത്രിമാർ പോവാൻ പാടില്ല എന്നാരും തീരുമാനിച്ചിട്ടില്ല. ഇതിനു മുൻപ് യുഡിഎഫിന്റെ മന്ത്രിമാർ ഇതിന്റെ എത്രയോ ഇരട്ടി പ്രാവശ്യം വിദേശയാത്രകൾ നടത്തിയിട്ടുണ്ട്. അവരുടെ കുടുംബങ്ങൾ ഉൾപ്പെടെ. ഇത് കുടുംബത്തിന്റെ ഭാഗമായി വരുന്ന ബാധ്യതകൾ ഒന്നും ഗവൺമെന്റിനു വരുന്നില്ലെന്ന് മുഖ്യമന്ത്രി തന്നെ കൃത്യമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു കഴിഞ്ഞു.

അപ്പോൾ കേരളത്തിന്റെ ഭാവിയാണ് പ്രശ്നം. കേരളത്തിന്റെ സർവ്വതലസ്പർശിയായ മേഖലയിലുള്ള വളർച്ചയ്ക്ക് ആവശ്യമുള്ള കരാറുകളും പദ്ധതികളും ആസൂത്രണം ചെയ്തിട്ടാണ് മുഖ്യമന്ത്രിയുടെ വിദേശപര്യടനം മുന്നോട്ടേക്ക് പോകുന്നത്. പ്രതിപക്ഷം എന്നു പറയുന്നത്, എല്ലാ വിഭാഗങ്ങളും ചേർന്നു കൊണ്ടുള്ള ഒരു ലോബി ആണല്ലോ. അതിൽ കോൺഗ്രസും ബിജെപിയും ലീഗും എസ് ഡി പി ഐയും, തീവ്രവാദികളും ഉൾപ്പെടും. ഇവരെല്ലാവരും ചേർന്ന് ഗവൺമെന്റിനെതിരായും മുഖ്യമന്ത്രിക്ക് എതിരായും നടത്തുന്ന രാഷ്ട്രീയ കടന്നാക്രമണം മാത്രമായേ ഇതിനെ കാണാനാകൂ.

5) ഈ പ്രചാരണം ഏതെങ്കിലും രീതിയിൽ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമോ? കോടിയേരി സഖാവിന്റെ മരണത്തിനുശേഷം പെട്ടെന്ന് മുഖ്യമന്ത്രി പോയി എന്നതാണ് ഒരു ക്യാമ്പയിൻ മെറ്റീരിയൽ ആയി ഉന്നയിക്കുന്നത്.

അതിലൊന്നും ഒരു കാര്യവുമില്ല. കാരണം കോടിയേരിയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെച്ചു. ശവസംസ്കാരം കഴിഞ്ഞതിനുശേഷമാണ് സഖാവ് പോകുന്നത്. ഇത് കേരളത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ് എന്നതുകൊണ്ട് വളർച്ചയുണ്ടാവരുത് എന്ന് ആഗ്രഹിക്കുന്ന എല്ലാവരും അല്ലെങ്കിൽ ഞാൻ നേരത്തെ പറഞ്ഞ വിഭാഗത്തിൽപ്പെടുന്നവരെല്ലാം ചേർന്നുകൊണ്ട് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കൊണ്ടാണ് ഈ പ്രചാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രചാരവേല കേരളത്തിലെ ഇടതുപക്ഷ മുന്നണിയെക്കുറിച്ച് നല്ല മതിപ്പാണ് ജനങ്ങളിൽ ഉണ്ടാക്കുക. കാരണം ഇവിടെയുള്ള ആളുകൾക്ക് എങ്ങനെ നല്ല ജോലി കൊടുക്കാം? ഏതെല്ലാം മേഖലയിൽ വികസിക്കാം? ഏതെല്ലാം തലത്തിൽ പുതിയ ഇൻവെസ്റ്റ്മെന്റ്സ് കൊണ്ടുവരാൻ സാധിക്കും? എന്നതുൾപ്പെടെയുള്ള വലിയ നിക്ഷേപ കേന്ദ്രമായി കേരളത്തെ മാറ്റാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. അതിന്റെ നല്ല പ്രതിഫലനമാണ് വിദേശപര്യടനത്തിലൂടെ നേടാൻ സാധിച്ചിട്ടുള്ളത്.

Story Highlights: human sacrifice case, CPIM to conduct class against superstitions; MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here