Advertisement

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം: കെ. സുധാകരൻ

October 13, 2022
Google News 3 minutes Read
Swapna's revelations against pinarayi and daughter

സ്വപ്ന സുരേഷിന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള വെളിപ്പെടുത്തലുകൾ ഗുരുതര സ്വഭാവമുള്ളതാണ്. അധികാരത്തിന്റെ തണലിൽ സംസ്ഥാനത്തെ ഉന്നതർ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് പ്രതികളിലൊരാളായ സ്വപ്നയുടെ ആത്മകഥ. ഒരിക്കൽ ബിരിയാണിചെമ്പ് തുറന്ന് കുറച്ച് കാര്യങ്ങൾ സ്വപ്‌ന പറഞ്ഞിരുന്നു. തുടർന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത നീക്കങ്ങളും ആരോപണം ഉന്നയിക്കുന്ന സ്വപ്‌നയെ നിശബ്ദമാക്കാനുള്ള ചില നടപടികളും സ്വർണ്ണക്കടത്ത് കേസിലെ വിവാദ നായകനായ എം.ശിവശങ്കറെ വെള്ളപൂശി അധികാര കസേരയിൽ പ്രതിഷ്ഠിച്ചതിലെ വ്യഗ്രതയും കൂട്ടിവായിക്കുമ്പോൾ സ്വപ്നയുടെ തുറന്നുപറച്ചിലുകൾ വെറുതെയങ്ങ് തള്ളിക്കളയാൻ കഴിയുന്നവയല്ലെന്ന് കേരളീയ സമൂഹത്തിന് ബോധ്യമായെന്നും സുധാകരൻ പറഞ്ഞു. ( Swapna’s revelations against pinarayi and daughter should be investigated: k Sudhakaran ).

പുത്രവാത്സല്യത്താൽ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താൽ മുഖ്യമന്ത്രി പലപ്പോഴും സത്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണ്. മകൾക്കെതിരായ ആരോപണത്തെ തുടക്കം മുതൽ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മകളെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ ആരോപണം പ്രതികളിലൊരാളായ സ്വപ്‌ന അച്ചടിച്ച് വിതരണം ചെയ്തിട്ടും അതിനെ നിയമപരമായി നേരിടാനുള്ള ആത്മധൈര്യം പിണറായി വിജയൻ ഇതുവരെ കാട്ടാത്തത് ദുരൂഹവും ചില സംശയങ്ങൾ ബലപ്പെടുത്തുന്നതുമാണെന്നും സുധാകരൻ പറഞ്ഞു.

Read Also: ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും

സ്പ്രിംഗളർ ഇടപാടിലൂടെ കോടികൾ മകൾക്ക് കമ്മീഷൻ ലഭിച്ചെന്ന ആരോപണം ശക്തമായി സ്വപ്ന ഉന്നയിക്കുമ്പോൾ അത് തെറ്റാണെന്ന് അസന്നിഗ്ധമായി തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.അല്ലാതെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വന്നില്ലെന്ന് വാദിച്ച് പ്രതിരോധിച്ചിട്ട് കാര്യമില്ല. സ്പ്രിംഗളർ ഇടപാടിൽ പ്രതിപക്ഷ ആരോപണം ശരിവെച്ച മാധവൻ നമ്പ്യാർ സമിതിയുടെ റിപ്പോർട്ട് അട്ടിമറിച്ച് ശശിധരൻ നായരുടെ നേതൃത്വത്തിൽ രണ്ടാമതൊരു ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ച് ശിവശങ്കറിനെയും കരാറിനെയും പ്രശംസിച്ച് മംഗളപത്രം തയ്യാറാക്കിയതും കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.

സർക്കാർ പരിരക്ഷയോടെ സംരംഭകയും ആരോപണ വിധേയയുമായ മകളെയും കൂട്ടി മുഖ്യമന്ത്രിയുടെ ഉല്ലാസ വിദേശയാത്ര യാദൃശ്ചികമെന്ന് കരുതാൻ കഴിയില്ല.വിദേശയാത്രയിലെ മകളുടെ സാന്നിധ്യവും ഉദ്ദേശശുദ്ധിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സ്വർണ്ണകടത്തിനും ഡോളർകടത്തിനും സ്പ്രിംഗളർ,ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള മറ്റുക്രമവിരുദ്ധമായ ഇടപാടുകൾ നടത്തുന്നതിനും മുഖ്യസൂത്രധാരനെന്ന് ആരോപണം നേരിടുന്ന എം.ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നിൽ മകളോടുള്ള അമിത വാത്സല്യമാണെന്ന അരമന രഹസ്യം അങ്ങാടിപാട്ടാണെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ ശിവശങ്കറെ ഔദ്യോഗിക പദവികളിൽ നിന്നും മാറ്റിനിർത്തണമെന്നും സുധാകരൻ പറഞ്ഞു.

തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും പറഞ്ഞ കാര്യങ്ങളും പുസ്തകത്തിലുണ്ട്.

ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമൊത്തുള്ള ചിത്രം, ശിവശങ്കറുമായുള്ള വിവാഹം, ഒരുമിച്ചുള്ള ഡിന്നർ എന്നിങ്ങനെ ആഴത്തിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടത്.

Story Highlights: Swapna’s revelations against pinarayi and daughter should be investigated: k Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here