ഏഴാം വിക്കറ്റിൽ 62 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ ഹരിയാനയ്ക്ക് മാന്യമായ സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് മാന്യമായ സ്കോർ. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 131 റൺസാണ് ഹരിയാന നേടിയത്. ഒരു ഘട്ടത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ പതറിയ ഹരിയാനയെ ഏഴാം വിക്കറ്റിൽ ജയന്ത് യാദവും എസ്പി കുമാറും ചേർന്നാണ് കരകയറ്റിയത്. ബേസിൽ തമ്പി എറിഞ്ഞ അവസാന ഓവറിൽ 3 സിക്സർ അടക്കം 21 റൺസാണ് പിറന്നത്. ജയന്ത് യാദവ് (39) ആണ് ഹരിയാനയുടെ ടോപ്പ് സ്കോറർ. എസ്പി കുമാർ 30 റൺസെടുത്ത് പുറത്താവാതെ നിന്നു. (haryana score kerala smat)
Read Also: കർണാടകയെ കറക്കിവീഴ്ത്തി കേരളം; തുടർച്ചയായ രണ്ടാം ജയം
ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു സാംസൺ തിരികെ എത്തിയപ്പോൾ കൃഷ്ണ പ്രസാദ് പുറത്തിരുന്നു. ഓൾറൗണ്ടർ അബ്ദുൽ ബാസിത്താണ് കേരളത്തിനായി ബൗളിംഗ് ഓപ്പൺ ചെയ്തത്. ആദ്യ പന്തിൽ തന്നെ അങ്ക്ത് കുമാറിനെ മടക്കി അബ്ദുൽ ബാസിത്ത് ക്യാപ്റ്റൻ്റെ വിശ്വാസം കാത്തു. ക്യാപ്റ്റൻ ഹിമാൻഷു റാണയെ (9) കഴിഞ്ഞ കളിയിലെ ഹീറോ വൈശാഖ് ചന്ദ്രൻ മടക്കി. സികെ ബിഷ്ണോയ് (5) ഉണ്ണികൃഷ്ണൻ മനുകൃഷ്ണനു മുന്നിൽ വീണു. നിഷാന്ത് സിന്ധുവിനെ (10) ബേസിൽ തമ്പിയും ദിനേഷ് ബാനയെ (10) കെഎം ആസിഫും മടക്കി. ഇംപാക്ട് പ്ലയറായെത്തി ഇന്നിംഗ്സ് തകർച്ചയിൽ നിന്ന് ഹരിയാനയെ രക്ഷിച്ചുനിർത്തിയ പ്രമോദ് ചണ്ഡില (24) സിജോമോനു മുന്നിൽ വീണപ്പോൾ ഹരിയാന 12.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 62. ഹരിയാന 100 പോലും കടക്കില്ലെന്നുറപ്പ്.
Read Also: അസ്ഹറുദ്ദീൻ 95 നോട്ടൗട്ട്; കർണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ
എന്നാൽ, ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന ജയന്ത് യാദവും എസ്പി കുമാറും ചില കൂറ്റൻ ഷോട്ടുകളുമായി ഹരിയാനയെ കൈപിടിച്ചുയർത്തുകയായിരുന്നു. സാവധാനം ആരംഭിച്ച അവർ അവസാന നാലോവറിൽ അടിച്ചെടുത്തത് 49 റൺസ്. ആദ്യ മൂന്ന് ഓവറുകളിൽ ജയന്ത് യാദവ് അടിച്ചുതകർത്തപ്പോൾ അവസാന ഓവറിൽ എസ്പി കുമാറാണ് സ്കോറിംഗ് ചുമതല ഏറ്റെടുത്തത്. ഓവറിൽ യാദവ് റണ്ണൗട്ടായെങ്കിലും 3 സിക്സർ അടക്കം 21 റൺസ് നേടിയ കുമാർ ഹരിയാനയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു.
Story Highlights: haryana score kerala smat syed mushtaq ali trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here