‘കേന്ദ്രത്തിനെതിരെ നടക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരം, സിസോദിയ-ജെയിൻ എന്നിവർ ഇന്നത്തെ ഭഗത് സിംഗ്’; അരവിന്ദ് കെജ്‌രിവാൾ

കേന്ദ്രത്തിനെതിരായ തൻ്റെ സർക്കാരിന്റെ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്. ഈ പോരാട്ടതിൽ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും കെജ്‌രിവാൾ. എക്സൈസ് പോളിസി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പരാമർശം.
‘ജയിൽ കമ്പികൾക്കും തൂക്കുകയറിനും ഭഗത് സിംഗിനെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ എന്നിവരാണ് ഇന്നത്തെ ഭഗത് സിംഗ്മാർ. പാവപ്പെട്ടവർക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ശോഭനമായ ഭാവിക്ക് പ്രതീക്ഷ നൽകുകയും ചെയ്ത ഒരു വിദ്യാഭ്യാസ മന്ത്രിയെ 75 വർഷത്തിന് ശേഷം രാജ്യത്തിന് ലഭിച്ചു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർത്ഥനകൾ അദ്ദേഹത്തോടൊപ്പമുണ്ട്.’ – കെജ്‌രിവാൾ ട്വീറ്റിൽ കുറിച്ചു.
എക്സൈസ് നയം രൂപീകരിച്ചതിലും നടപ്പാക്കിയതിലും ഉണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ തിങ്കളാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ എഎപി നേതാവിനോട് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവികാസത്തോട് പ്രതികരിച്ച സിസോദിയ, ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. സിബിഐ തന്റെ വീട്ടിൽ 14 മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും സിസോദിയ ട്വീറ്റിൽ പറഞ്ഞു.
‘എന്റെ ബാങ്ക് ലോക്കർ പരിശോധിച്ചു, അതിൽ ഒന്നും കണ്ടെത്തിയില്ല. എന്റെ ഗ്രാമത്തിൽ പോയി അന്വേഷിച്ചു, ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ നാളെ രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഞാൻ അന്വേഷണത്തോട് പരമാവധി സഹകരിക്കും. സത്യമേവ ജയതേ….’ – സിസോദിയ കുറിച്ചു. കേസിൽ ഇൻഡോ സ്പിരിറ്റ്സ് ഉടമ സമീർ മഹേന്ദ്രു, ഗുരുഗ്രാം ആസ്ഥാനമായുള്ള ബഡ്ഡി റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ അമിത് അറോറ, ഇന്ത്യ എഹെഡ് ന്യൂസിന്റെ മാനേജിംഗ് ഡയറക്ടർ മുത്താ ഗൗതം എന്നിവരുൾപ്പെടെ നിരവധി പേരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്.
Story Highlights: “Manish Sisodia Satyendar Jain Today’s Bhagat Singh”: Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here