Advertisement

‘ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു’; ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ; ഹൃദയം തൊട്ടൊരു കുറിപ്പ്

October 17, 2022
2 minutes Read
ksrtc woman conductor caring behavior

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെഎസ്ആർടിസി ജീവനക്കാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള വാർത്തകളാണ് ചുറ്റും. വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ കാണാൻ സാധിക്കില്ല. ഒരു വിങ്ങലവശേഷിപ്പിച്ചാകും ബസിൽ നിന്ന് ഇറങ്ങടിയെന്ന ടിറയിൻകീഴിലെ വനിതാ കണ്ടക്ടറുടെ ആക്രോശവും നാം കണ്ടിരിക്കുക….ഇതിനിടെ ഒരു കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ കരുതലിനെ കുറിച്ചും സ്‌നേഹത്തെ കുറിച്ചും തുറന്നെഴുതികയാണ് മാധ്യമ പ്രവർത്തകനായ മഹേഷ് ജോൺ മാത്യു. ഇങ്ങനെയുമുണ്ട് കെഎസ് ആർടിസി ജീവനക്കാർ എന്ന് സമൂഹത്തോട് വിളിച്ചു പറയുകയാണ് ഈ കുറിപ്പ്. ( ksrtc woman conductor caring behavior )

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

കുറേ നാളുകൾക്കിപ്പുറമാണ് കെ എസ് ആർ ടി യിൽ യാത്ര ചെയ്തത്. സ്വന്തമായി വാഹനം വാങ്ങിയ ശേഷം നാട്ടിലേക്കുള്ള യാത്രകളെല്ലാം അതിലായിരുന്നു.
അഞ്ചരയോടെ കാട്ടാക്കടയിൽ നിന്ന് ചെമ്പകപ്പാറ ബസ് കിട്ടി. നല്ല തിരക്ക്. കൂടുതലും സ്‌കൂൾ കോളജ് വിദ്യാർത്ഥികളാണ്. പുറത്ത് മഴയോ മഴ.
ഓരോ സ്റ്റോപ്പിലും നിർത്തി നിർത്തി ഇഴഞ്ഞ് ഇഴഞ്ഞായിരുന്നു യാത്ര. ചിലർ ഇറങ്ങുന്നു, ചിലർ ആളൊഴിയുന്ന സീറ്റുകൾക്കായി തിടുക്കം കൂട്ടുന്നു.
അതിനിടെ അറ്റം കീറിയ ഒരു പത്ത് രൂപ നോട്ട് ഒരു വിദ്യാർത്ഥി കണ്ടക്റുടെ നേരേ നീട്ടി. ‘അയ്യോ മോനെ ഇതെടുക്കില്ല’ എന്ന് പറഞ്ഞ് അവരത് തിരിച്ച് നൽകി. ‘ചേച്ചി.. എന്റേൽ വേറെ കാശില്ല , കൺസെഷനും എടുക്കാൻ മറന്നു’. അൽപം ആശങ്കയോടെ കുട്ടിയുടെ മറുപടി. ‘സാരമില്ല, അതിങ്ങ് തരൂ’ എന്ന് പറഞ്ഞ് ടിക്കറ്റ് നൽകി അവർ മുന്നോട്ട് പോയി.
അര മണിക്കൂറോളം നിൽക്കേണ്ടി വന്നു. അവസാനം ഏറ്റവും പിറകിൽ കണ്ടക്ടർ സീറ്റിന് തൊട്ടു പിന്നിലായി ഒരു സീറ്റ് കിട്ടി.
വാഴിച്ചിലൊക്കെ എത്തിയതോടെ നന്നായി ഇരുട്ട് വീണിരുന്നു. പെരുമഴ ആയതിനാലാവണം കവലകളിലെ കടകളൊക്കെ നേരത്തെ അടച്ചു.
പലയിടത്തും വഴിവിളക്കുകളില്ല.
ബസിൽ കൂടുതലും പെൺകുട്ടികളാണ്. ആളൊഴിഞ്ഞ സ്റ്റോപ്പുകളായിരുന്നു അതികവും.
അതിനിടെയാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്. ഓരോ സ്റ്റോപ്പിലും ഇറങ്ങാനായി ഊഴം കാത്ത് നിൽക്കുന്ന പെൺ കുട്ടികളോട് കണ്ടക്ടർ എന്തെക്കെയോ ചോദിക്കുന്നു. ശേഷം, ഇറങ്ങിയ കുട്ടികൾ അൽപ ദൂരം നടന്ന് നീങ്ങും വരെ ബെല്ല് അടിക്കാതെ അവരെ തന്നെ നോക്കിയിരിക്കുന്നു.
അടുത്ത സ്റ്റോപ്പ് കുട്ടമലയാണ്. ഒരു പെൺകുട്ടി ഫുട്‌ബോർഡിലേക്കിറങ്ങി. കണ്ടക്ടർ നേരത്തേത് പോലെ എന്തോ ചോദിക്കുന്നു… ഞാൻ പതിയെ ചെവി കൂർപ്പിച്ചു.
‘ആരെങ്കിലും വിളിക്കാൻ വരുമോ ? ഒറ്റയ്ക്ക് പോകുമോ ? കുടയുണ്ടോ കയ്യിൽ ?’
ശേഷം ബെല്ലടിക്കാൻ മറന്ന പോലെ ആ കുട്ടി നടന്ന് നീങ്ങുന്നതും നോക്കി അവർ കുറച്ച് നേരമങ്ങനെ ഇരുന്നു.
ആറേ മുക്കാലോടെ ബസ് അമ്പൂരിയെത്തി. ഞാൻ ഇറങ്ങി. അപ്പോഴും കുറച്ച് കുട്ടികൾ ബസിലിരിപ്പുണ്ടായിരുന്നു..
പറഞ്ഞ് വന്നത് മറ്റൊന്നുമല്ല. അവരുടെ കരുതലും സ്‌നേഹവും കണ്ടപ്പോൾ മറ്റ് ചിലരെ ഓർമ്മ വന്നു..വിദ്യാർത്ഥിനിയുടെ മുന്നിലിട്ട് സ്വന്തം അച്ഛനെ പട്ടിയേപ്പോലെ തല്ലിച്ചതച്ച കാട്ടാക്കട ഡിപ്പോയിലെ അവരുടെ തന്നെ സഹപ്രവർത്തകരെ.. പിന്നെ,
ബസിൽ നിന്ന് ഇറങ്ങെടി എന്ന് അട്ടഹസിച്ച ചിറയിൻകീഴിലെ വനിതാ കണ്ടക്ടറെയും.

Story Highlights: ksrtc woman conductor caring behavior

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top