Advertisement

‘സ്ഥാനത്തിരിക്കുന്നവര്‍ വിലക്ക് ലംഘിക്കരുത്’; ഖാര്‍ഗെയ്ക്ക് വോട്ടുചെയ്യുമെന്ന കെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്ന് എം കെ രാഘവന്‍

October 17, 2022
Google News 3 minutes Read

ഡോ ശശി തരൂരിന്റെ കഴിവുകളെ കുറച്ചുകാണാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എം കെ രാഘവന്‍ എംപി. തരൂരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന് എം കെ രാഘവന്‍ പറഞ്ഞു. ഖാര്‍ഗെയ്ക്ക് വോട്ടുചെയ്യുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനങ്ങളിലിരിക്കുന്നവര്‍ വിലക്ക് ലംഘിക്കരുതെന്നും എം കെ രാഘവന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു. (m k raghavan supports shashi tharoor congress president election)

അന്തര്‍ദേശീയ തലത്തില്‍ തന്നെ തിളങ്ങിയ ഒരാളുടെ കഴിവിനെ കുറച്ചുകാണാന്‍ ആര്‍ക്കും കഴിയില്ല. തരൂരിനെതിരെ ഉയരുന്ന വാദമുഖങ്ങള്‍ ബോധപൂര്‍വമായി തന്നെ അടിച്ചേല്‍പ്പിക്കുന്നതാണ്. അദ്ദേഹത്തെക്കുറിച്ച് പഠിച്ച ആരും അങ്ങനെ പറയില്ല. എം കെ രാഘവന്‍ എംപി പറഞ്ഞു.

Read Also: ‘എല്‍ഡിഎഫില്‍ പ്രാതിനിധ്യം ലഭിച്ചിരുന്നു’; യുഡിഎഫില്‍ വന്നിട്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് ആര്‍എസ്പി സമ്മേളനത്തില്‍ വിമര്‍ശനം

എ.ഐ.സി.സിയിലും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായുള്ള വോട്ടെടുപ്പ് നടക്കുന്നത്. 200 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് വീതം ആണ് ഒരുക്കിയിട്ടുള്ളത്. ഇപ്രകാരം രാജ്യത്ത് ആകെ 36 പോളിംഗ് സ്റ്റേഷനുകളിലായി 67 ബൂത്തുകള്‍ പ്രവര്‍ത്തിയ്ക്കും. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ ആണ് വോട്ടിംഗ്. 9,308 എ.ഐ.സി.സി അംഗങ്ങള്‍ക്കാണ് വോട്ടവകാശം. ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനു നേരെ ഇന്റു മാര്‍ക്ക് രേഖപ്പെട്ടുത്തിയാണ് വോട്ട് ചെയ്യേണ്ടത്. അക്ഷരമാല ക്രമത്തില്‍ ആദ്യം ഖാര്‍ഗെയുടേയും രണ്ടാമത് തരൂരിന്റെയും പേരാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. വോട്ടര്‍മാര്‍ക്ക് പ്രത്യേക ക്യൂ ആര്‍ കോഡുകളുള്ള ഐ.ഡി കാര്‍ഡുകള്‍ നല്കിയിട്ടുണ്ട്. വോട്ടര്‍മാരുടെ വിരലില്‍ മാര്‍ക്കര്‍ പേനകൊണ്ട് വോട്ട് ചെയ്ത ശേഷം മഷിപുരട്ടും.

കര്‍ണ്ണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റില്‍ രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാഗാന്ധി, മന്‍മോഹന്‍ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പിനു ശേഷം ബാലറ്റ് പെട്ടികള്‍ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. ഓരോ സംസ്ഥാനത്ത് നിന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് എത്ര വോട്ട് ലഭിച്ചുവെന്നത് മനസിലാകാതിരിക്കാന്‍ ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയാണ് എണ്ണുന്നത്.

Story Highlights: m k raghavan supports shashi tharoor congress president election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here