അബദ്ധം പറ്റിയതല്ല, കെ സുധാകരന്റെ പ്രസ്താവന സംഘ പരിവാർ ആശയം; മുഹമ്മദ് റിയാസ്

കെ സുധാകരൻ പങ്കുവെച്ചത് വിഭജന രാഷ്ട്രീയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയം പൊളിക്കാൻ സംഘപരിവാർ എന്നും ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. അബദ്ധം പറ്റിയതല്ല, സംഘ പരിവാർ ആശയമാണ് സുധാകരൻ പറയുന്നത്. നിസാരമായി കാണേണ്ട കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ അത് പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘തെക്കും വടക്കും ഒന്നാണ്…’; സുധാകരന് മറുപടിയോ? ചിത്രവുമായി ആര്യാ രാജേന്ദ്രൻ
ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. തെക്കൻ കേരളത്തിലേയും വടക്കൻ കേരളത്തിലെയും രാഷ്ട്രീയക്കാരെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് ശ്രീരാമന്റെ പേരിലുള്ള ഒരു കഥ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ”അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. ‘അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു. നിന്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ”-സുധാകരൻ പറഞ്ഞു.
Story Highlights: Muhammad Riyas Reacts K. Sudhakaran’s Ramayana triggers controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here