Advertisement

‘ചോര വന്നിട്ടും എസ്.ഐ അടി നിർത്തിയില്ല, മജിസ്ട്രേറ്റിനോട് പറഞ്ഞാൽ ജീവിതം തുലക്കുമെന്ന് ഭീഷണി’; കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത് കൊടുംക്രൂരത

October 18, 2022
Google News 2 minutes Read
brutal incident Kollam Kilikollur police station

കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു. പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ. ( brutal incident Kollam Kilikollur police station ).

പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്. യാഥാർഥ്യം പുറത്തായതോടെ കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ.ദിലീപ് എന്നിവരെ കമ്മിഷണർ ഇടപെട്ട് സ്ഥലം മാറ്റുകയും ചെയ്തു. സി.ഐക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.

മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്നാണ് സൈനികൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷും മറ്റ് പൊലീസുകാരും ചേർന്ന് എം.ഡി.എം.എ കേസിലെ പ്രതിയായി തന്നെ ചിത്രീകരിച്ചു. തനിക്കെതിരെ ഇട്ടിരിക്കുന്ന എട്ട് സെക്ഷനിൽ 5 എണ്ണം നോൺ ബെയ്ലബിളാണ്. 12 ദിവസമാണ് തന്നെയും ചേട്ടനെയും കൊല്ലം ജില്ലാ ജയിലിൽ ഇട്ടത്.

Read Also: സൈനികൻ പൊലീസ് സ്റ്റേഷനിൽ കയറി ഇടിവള കൊണ്ട് എ.എസ്.ഐയെ തല്ലിച്ചതച്ചു; സംഭവം കൊല്ലത്ത്

മജിസ്ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാൽ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്. തന്റെ കാൽ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാൽ ഒരു സ്പൂൺ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോൾ. ജയിലിൽ നിന്ന് ഇറങ്ങിയത് എസ്.ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്. ലാത്തിയെടുത്ത് സ്റ്റേഷനുള്ളിൽ ഓടിച്ചിട്ടാണ് തന്നെ മൃ​ഗീയമായി മർദിച്ചത്. ചോര വന്നിട്ടും അടി നിർത്താൻ എസ്.ഐ തയ്യാറായില്ലെന്നും സൈനികൻ പറയുന്നു.

വസ്തുത മറച്ചുവച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാദ്ധ്യമപ്രവർത്തകരോടടക്കം വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണാ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Story Highlights: brutal incident Kollam Kilikollur police station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here