Advertisement

‘ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണം’: മന്ത്രി വീണാ ജോര്‍ജ്

October 18, 2022
Google News 2 minutes Read
neet exam dress code controversy, Minister Veena George's response

സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കണം. വിദ്യാര്‍ത്ഥി സംഘടനകളുമായും ആശയവിനിമയം നടത്തണം. യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരെ അംബാസഡര്‍മാരായി ചുമതലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നടത്തിവരുന്ന ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ലഹരി വിമുക്ത ക്യാമ്പസാക്കാന്‍ വളരെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എല്ലാ ക്യാമ്പസുകളിലും ആശുപത്രികളിലും അവബോധ ബോര്‍ഡുകളുണ്ടാകണം. ലഹരിയ്ക്കടിമയാകാന്‍ ഇടയാകുന്ന വിദ്യാര്‍ത്ഥികളെ മോചിതരാക്കാന്‍ മതിയായ ഇടപെടലുകള്‍ നടത്തണം. വിദ്യാര്‍ത്ഥികള്‍ നമ്മുടെ മക്കളാണ്.

അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇടപെടലുണ്ടാകണം. മാതാപിതാക്കളുമായി ഇടയ്ക്കിടയ്ക്ക് ആശയ വിനിമയം നടത്തണം. അവരെക്കൂടി ഉള്‍ക്കൊള്ളിച്ച് കാമ്പയിന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. ഓരോ സ്ഥാപനത്തിനും ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. മെഡിക്കല്‍ കോളജിന്റെ പ്രൊമോഷനായി ലഹരി മുക്ത ക്യാമ്പസെന്ന് പറയാന്‍ കഴിയണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും പിന്തുണയുമുണ്ടാകും. പൊലീസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളുടെ രഹസ്യ സ്‌ക്വാഡ് ആവശ്യമാണെങ്കില്‍ അതും ലഭ്യമാക്കും.

സാമൂഹ്യ പിന്തുണകൂടി ഉറപ്പ് വരുത്തണം. നല്ല പ്രവര്‍ത്തനം കാഴ്ചവച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ നടത്തിവരുന്ന ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ പങ്കുവച്ചു. പഠനത്തോടൊപ്പം വലിയ ലഹരിമുക്ത പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളജുകള്‍ നടത്തി വരുന്നത്. ലഹരിമുക്ത അവബോധ പ്രവര്‍ത്തനങ്ങള്‍, ക്ലാസുകള്‍, ഫ്‌ളാഷ് മോബ്, ലഹരിവിരുദ്ധ സംഗീത നൃത്തശില്‍പം, പോസ്റ്റര്‍ മത്സരം, ലഹരിവിരുദ്ധ ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിച്ചു വരുന്നു.

Story Highlights: ‘Every medical college should be a drug-free campus’: Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here