‘എല്ലാം യുവതിയുടെ ഭാവന’, ഗാസിയാബാദ് കൂട്ടബലാത്സംഗക്കേസ് വ്യാജമെന്ന് യുപി പൊലീസ്; പുലിവാല് പിടിച്ച് വനിതാ കമ്മീഷൻ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒക്‌ടോബർ 18ന് നടന്ന കൂട്ടബലാത്സംഗക്കേസിൽ വൻ വഴിത്തിരിവ്. കൂട്ടബലാത്സംഗം ആരോപിച്ച ഡൽഹി സ്വദേശിനിയായ യുവതിക്കെതിരെ പൊലീസ്. സ്വത്ത് തർക്കത്തെ തുടർന്ന് ചിലരെ കുടുക്കാൻ യുവതിയും സുഹൃത്തുക്കളും ചേർന്ന് ഉണ്ടാക്കിയ കള്ളക്കേസാണിതെന്ന് കണ്ടെത്തൽ. സംഭവത്തിൽ യുവതിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഹോദരൻ്റെ ജന്മദിനം ആഘോഷിക്കാൻ ഡൽഹിയിൽ നിന്നുമെത്തിയ യുവതിയെ ചിലർ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്. 36 കാരിയെ കൈ-കാലുകൾ ബന്ധിച്ച നിലയിലും, സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയ നിലയിലും കണ്ടെത്തിയതായി ഡൽഹി വനിതാ കമ്മീഷൻ മേധാവി ട്വിറ്റ് ചെയ്തിരുന്നു. നിർഭയാ കേസുമായി സംഭവത്തെ ഉപമിച്ച സ്വാതി മലിവാൾ, തട്ടിക്കൊണ്ടുപോയവർ രണ്ടു ദിവസം യുവതിയെ പീഡിപ്പിച്ചെന്നും, ഇര ജീവനുവേണ്ടി പോരാടുകയായിരുന്നുവെന്നും പറഞ്ഞു.
Read Also: സഹോദരന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഇതോടെയാണ് കേസ് കൂടുതൽ ശക്തമായത്. ഈ കേസിലാണ് യുപി പൊലീസിൻ്റെ നിർണായക വെളിപ്പെടുത്തൽ. കാണാതായ രണ്ട് ദിവസം യുവതി സുഹൃത്തുക്കൾക്കൊപ്പമാണ് കഴിഞ്ഞതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി യുപി മേഖലാ പൊലീസ് മേധാവി പ്രവീൺ കുമാർ പറഞ്ഞു. യുവതിയെ കണ്ടെത്തിയ സ്ഥലത്ത് തന്നെ ഒരു സുഹൃത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്തതായി ഫോൺ സിഗ്നലുകളിൽ നിന്ന് കണ്ടെത്തി. സുഹൃത്തുക്കളോടൊപ്പം പോയ കാർ കസ്റ്റഡിയിൽ എടുത്തതായും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
ഗാസിയാബാദിൽ ജന്മദിന പാർട്ടിയിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് ബസ് കാത്തുനിൽക്കുമ്പോൾ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി അവകാശപ്പെട്ടു. സഹോദരൻ ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ട ശേഷം കാറിലെത്തിയ അഞ്ച് പേർ ബലാത്സംഗം ചെയ്‌തെന്നുമാണ് ആരോപണം. അഞ്ച് പേർക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന് പൊലീസ് പറയുന്നു.
Read Also: ടി20 ലോകകപ്പ്: ഇന്ത്യ-പാക്ക് പോർവഴിയിലൂടെ ഒരു തിരഞ്ഞു നോട്ടം
ബുധനാഴ്ച യുവതിയെ കണ്ടെത്തിയപ്പോൾ ആദ്യം കൊണ്ടുപോയത് ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലേക്കാണ്. തുടർന്ന് മീററ്റിലേക്ക് മാറ്റി. രണ്ടിടത്തും വൈദ്യപരിശോധന നടത്താൻ യുവതി വിസമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ബലാത്സംഗക്കേസിന് കൂടുതൽ പ്രചാരണം നൽകുന്നതിനായി ഇവരിൽ ഒരാൾ പേ ടിഎം വഴി ഒരാൾക്ക് പണം നൽകിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ആ സുഹൃത്തിനെതിരെ ഇതിനകം മൂന്ന് ക്രിമിനൽ കേസുകളുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് സ്വാതി മലിവാൾ.
Story Highlights: Gang-Rape Made Up Say UP Cops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here