“ഒന്നാം സമ്മാനമായി നേടിയ ലോട്ടറി ടിക്കറ്റ് വലിച്ചെറിയാൻ പോയി..”; ഇപ്പോഴും ഓർക്കുമ്പോൾ ഞെട്ടലെന്ന് ഭാഗ്യശാലി

അപ്രതീക്ഷിതമായി തേടിയെത്തുന്ന ചില ഭാഗ്യങ്ങളുണ്ട്. ലോട്ടറി ടിക്കറ്റിന് സമ്മാനമടിക്കുക എന്നതൊക്കെ വളരെ അപൂർവമായി നമ്മളെ തേടിയെത്തുന്ന ഭാഗ്യങ്ങളാണ്. കേരളത്തിലടക്കം അത്തരം ആളുകളൊക്കെ വലിയ രീതിയിൽ ജനപ്രിയരാകാറുമുണ്ട്. ഈയടുത്ത് ഓണം ബമ്പർ സമ്മാനം നേടിയ ഭാഗ്യശാലിയെ വലിയ രീതിയിൽ മലയാളികൾ ആഘോഷിച്ചിരുന്നു.
എന്നാലിപ്പോൾ യുഎസിലെ ഒരു ഭാഗ്യശാലിയെ പറ്റിയുള്ള വാർത്തയാണ് ആളുകൾക്ക് കൗതുകമാവുന്നത്. ഒന്നരക്കോടിയുടെ സമ്മാനം നേടിയ ജാക്വലിൻ ലേ എന്ന അമേരിക്കകാരിയാണ് വാർത്തയിലെ താരം. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് ഒരു ഘട്ടത്തിൽ കീറി കളഞ്ഞാലോ എന്ന് താൻ ചിന്തിച്ചിരുന്നുവെന്നാണ് ജാക്വലിൻ പറയുന്നത്.
സമ്മാനം നേടിയതായി 60 കാരിയായ ജാക്വലിൻ അറിഞ്ഞിരുന്നില്ല. “ശരിക്കും ഞാനത് വലിച്ചെറിയാൻ പോയതാണ്. പിന്നെ ഒന്നുകൂടി ടിക്കറ്റ് എടുത്ത് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സമ്മാനം നേടിയതായി കണ്ടത്” ജാക്വലിൻ പറഞ്ഞു. 1.6 കോടി സമ്മാനം നേടിയ ലോട്ടറി ടിക്കറ്റാണല്ലോ താൻ വലിച്ചെറിയാൻ പോയതെന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും ഒരു ഞെട്ടലുണ്ടെന്നാണ് അവർ പറയുന്നത്. ഇതിന് മുൻപ് തനിക്ക് അത്തരം സമ്മാനങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ തന്നെ ഇത് വലിയ അത്ഭുതമായിരുന്നുവെന്നും ജാക്വലിൻ കൂട്ടിച്ചേർത്തു.
അതേ സമയം ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ ഇത്തവണത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് നേടിയത്. TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഫലം പ്രഖ്യാപിച്ച് അന്ന് വൈകുന്നേരം തന്നെ അനൂപ് ടിക്കറ്റുമായി ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ എത്തിയിരുന്നു. വലിയ മാധ്യമ ശ്രദ്ധയാണ് അനൂപിന് ലഭിച്ചത്. അനൂപ് ടിക്കറ്റുമായി ഏജൻസിയിലേക്കെത്തുന്നതും മറ്റും വലിയ രീതിയിൽ മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here