Advertisement

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം; മുഖ്യമന്ത്രിയെ പരിഹസിച്ച് ​ഗവർണർ

October 24, 2022
Google News 2 minutes Read
Arif Mohammad Khan mocks Pinarayi Vijayan

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ​ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമർശിച്ച് ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ( Arif Mohammad Khan mocks Pinarayi Vijayan ).

പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തിൽ മാധ്യമങ്ങൾ അത്യാവശ്യ ഘടകമാണ്. എന്നാൽ മാധ്യമ പ്രവർത്തനം പാർട്ടി പ്രവർത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുർവിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാൻ മാധ്യമങ്ങൾക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Read Also: ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ട; നിയമപരമായി നേരിടുമെന്ന് സീതാറാം യെച്ചൂരി

9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറുടെ പശ്ചാത്താപത്തിനെയാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം ചെയ്തതെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. അതിര് കടന്ന നടപടിയിലേക്ക് ഗവർണറെ എത്തിച്ചതിൽ സർക്കാരിനും പങ്കുണ്ട്. മാനദണ്ഡം ലംഘിച്ച് ആണ് നിയമനങ്ങൾ നടന്നത്. സർവകലാശാല നിയമനങ്ങളിൽ ഉൾപ്പെടെ മാനദണ്ഡം ലംഘിക്കുന്ന നടപടി ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ലീഗിൻ്റെ നിലപാട് മുഖ്യമന്ത്രി പുകഴ്ത്തിയ കാര്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി ചെയ്ത തെറ്റ് സമ്മതിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വി.സിമാർ. സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് വി.സിമാരുടെ ആവശ്യം. ഗവർണറുടെ നോട്ടീസ് നിയമപരമല്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം തങ്ങളോട് രാജി വെയ്ക്കാൻ ആവശ്യപ്പെടുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും വി.സിമാർ ഹർജിയിൽ വ്യക്തമാക്കുന്നു. വിസിമാർ സമർപ്പിച്ച ഹർജി ഇന്ന് നാല് മണിക്ക് ഹൈക്കോടതി പരി​ഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത രൂപപ്പെടുകയാണ്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ​ഗവർണറെ വിമർശിച്ചുകൊണ്ട് എഐസിസി അം​ഗം കെ.സി വേണു​ഗോപാൽ എത്തുന്നത്. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ ഇന്നലെ മുസ്ലിം​ലീ​ഗും വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.

Story Highlights: Arif Mohammad Khan mocks Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here