പ്രായപരിധി കഴിഞ്ഞയാളെ അധ്യക്ഷനാക്കാൻ നീക്കം; കെഎസ്‌യുവിൽ അമർഷം

പ്രായപരിധി കഴിഞ്ഞയാളെ കെ എസ് യുവിൻറെ പുതിയ അധ്യക്ഷനാക്കാനുളള നേതൃത്വത്തിൻറെ നീക്കത്തിൽ സംഘടനക്കുളളിൽ അമർഷം. പ്രായപരിധി മാനദണ്ഡം ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് ഒരുവിഭാഗം. എറണാകുളത്ത് നിന്നുളള അലോഷ്യസ് സേവ്യറെ അധ്യക്ഷനാക്കാനായിരുന്നു നേതൃതലത്തിലെ ധാരണ.
പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധിച്ചാണ് കെ എം അഭിജിത്ത് കെ എസ് യു അധ്യക്ഷസ്ഥാനം രാജിവെച്ചത്. ഇതോടെ പുനഃസംഘടനാ ചർച്ചകൾ കെപിസിസി നേതൃത്വം വേഗത്തിലാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ അധ്യക്ഷനെ നിയമിക്കാനാണ് ധാരണ. കെ എസ് യു എറണാകുളം ജില്ലാ പ്രസിഡൻറ് ആയിരുന്ന അലോഷ്യസ് സേവ്യറെ പുതിയ സംസ്ഥാന പ്രസിഡൻറ് ആക്കാനാണ് നേതൃതലത്തിൽ ഇപ്പോഴത്തെ തീരുമാനം. എന്നാൽ, ഭാരവാഹികൾക്ക് 27 വയസെന്ന മാനദണ്ഡം കർശനമായി പാലിക്കണമെന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം ദേശീയ നേതൃത്വത്തെ ഉൾപ്പെടെ സമീപിച്ചു കഴിഞ്ഞു. അലോഷ്യസിന് 30 വയസ് ആയതിനാൽ കെ എസ് യു പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഒരാൾക്ക് മാത്രമായി ഇളവ് അനുവദിക്കരുതെന്നും കെ എസ് യു നേതാക്കൾ ആവശ്യപ്പെടുന്നു
സംസ്ഥാന നേതാക്കൾക്ക് പുറമേ സോണിയാഗാന്ധി, രാഹുൽഗാന്ധി, കെ സി വേണുഗോപാൽ, നിയുക്ത എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ തുടങ്ങി ദേശീയ നേതാക്കൾക്കും പരാതിപ്രവാഹമാണ്. പ്രായപരിധിയിൽ ഒരാൾക്ക് ഇളവ് അനുവദിച്ചാൽ കഴിഞ്ഞ കമ്മിറ്റിയിലെ 16 പേരെ വീണ്ടും പരിഗണിക്കേണ്ടി വരുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. 30 വയസ്സുകാരനെ കെ എസ് യു അധ്യക്ഷനാക്കി വിദ്യാർത്ഥികൾക്കിടയിൽ സംഘടനയെ നാറ്റിക്കരുതെന്നും നേതാക്കൾക്ക് നൽകിയ പരാതിയിലുണ്ട്.
Story Highlights: ksu president controversy update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here