Advertisement

വൈസ് ചാൻസലർമാരുടെ രാജി; ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ പോവേണ്ടെന്ന് വി.സിമാരുടെ തീരുമാനം

October 25, 2022
Google News 2 minutes Read
Resignation of Vice Chancellors High Court verdict appeal

വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ വേണ്ടെന്ന് വി.സിമാരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. തുടര്‍ തീരുമാനം അറിഞ്ഞ ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് വി.സിമാര്‍ അറിയിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതില്‍ പിന്നീട് തീരുമാനം കൈക്കൊള്ളും. കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്നതില്‍ ആശങ്ക നിലനിൽക്കുകയാണ്.
ഇന്നലത്തെ സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ വി.സിമാർക്ക് തിരിച്ചടിയാണെന്നാന്ന് വിലയിരുത്തല്‍. സര്‍ക്കാരുമായി കൂടിയാലോചിച്ച് വി.സിമാർ അന്തിമ തീരുമാനമെടുക്കും.

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ ഒൻപത് വി.സിമാരും അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തിൽ നിന്ന് ഗവർണർ അയഞ്ഞിരുന്നു. അഭ്യർത്ഥന എന്ന രീതിയിലാണ് താൻ വൈസ് ചാൻസിലർമാരോട് രാജി ആവശ്യപ്പെട്ടതെന്ന് ഗവർണർ കോടതിയിൽ പറഞ്ഞു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് താൻ അത് പറഞ്ഞത്. വിസിമാർക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരമാണ് നൽകിയത്. എന്നാൽ ആരും അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ഗവർണർ പറഞ്ഞു.

Read Also: ‘വൈസ് ചാൻസിലർ വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം’; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം

സുപ്രിംകോടതി വിധി പ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർത്ഥന മാത്രമായിരുന്നു തന്റേത്. കാരണം ബോധിപ്പിക്കാനും, വിസിമാരുടെ ഭാഗം കേൾക്കാനും 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. പത്ത് ദിവസത്തേക്ക് നടപടിയൊന്നും ഉണ്ടാകില്ലെന്നും കോടതിയിൽ ഗവർണർ പറഞ്ഞു.

ഗവർണറുടെ അസാധാരണ ഉത്തരവിനെ വിമർശിച്ച മുഖ്യമന്ത്രിക്ക് ദീർഘമായ വാർത്താ സമ്മേളനത്തിലൂടെ ഗവർണർ മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം ഉൾപ്പെടെ പരാമർശിച്ചായിരുന്നു രാജ്ഭവനിൽ ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങുകയാണ് ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ നേതൃത്വം നൽകും. വി​ദ്യാർത്ഥി, യുവജന സംഘടനകളും ​ഗവർണർക്കെതിരായ പരസ്യ പ്രതിഷേധത്തിൽ പങ്കെടുക്കും.

Story Highlights: Resignation of Vice Chancellors High Court verdict appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here